Asianet News MalayalamAsianet News Malayalam

പാകിസ്ഥാന് ഒരു ധോണിയെ വേണം; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ പുകഴ്ത്തി കമ്രാന്‍ അക്മല്‍

ധോണിയെ പോലെ ഒരു ക്യാപ്റ്റനാണ് പാക് ക്രിക്കറ്റ് ടീമിന് ആവശ്യമെന്നാണ് അക്മല്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം ഒരു വിടവാങ്ങല്‍ മത്സരം അര്‍ഹിക്കുന്നുവെന്നും അക്മല്‍ പറഞ്ഞു.

Former Pakistan wicket keeper applauds dhoni
Author
Karachi, First Published Aug 20, 2020, 5:01 PM IST

കറാച്ചി: ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. എല്ലാം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒതുക്കി. വിടവാങ്ങല്‍ മത്സരത്തിന് കാത്തുനില്‍ക്കാതെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതെങ്കിലും ലോകക്രിക്കറ്റിലെ ധോണിയുടെ മഹത്വത്തെ പുകഴ്ത്തി. മുന്‍ പാകിസ്ഥാന്‍ താരങ്ങലായി ഷാഹിദ് അഫ്രീദി, ഷൊയ്ബ് അക്തര്‍, ഇന്‍സമാം ഉള്‍ ഹഖ് എന്നിവരെല്ലാം ആ പട്ടികയിലുണ്ടായിരുന്നു. ഇപ്പോഴിത മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

ധോണിയെ പോലെ ഒരു ക്യാപ്റ്റനാണ് പാക് ക്രിക്കറ്റ് ടീമിന് ആവശ്യമെന്നാണ് അക്മല്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം ഒരു വിടവാങ്ങല്‍ മത്സരം അര്‍ഹിക്കുന്നുവെന്നും അക്മല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യയെ ദീര്‍ഘകാലം തോളിലേറ്റിയ താരമാണ് ധോണി. ക്യാപ്റ്റന്‍സി വളരെ അനായാസമാണ്. എനിക്കും ക്യാപ്റ്റനാവാം. ജയിച്ചാലും പരാജയപ്പെട്ടാലും ടീമില്‍ സ്ഥാനമുറപ്പാണ്. 

എന്നാല്‍ ധോണി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. ഒരു മികച്ച ടീമിനെ ഉണ്ടാക്കുകയ മാത്രമല്ല ചെയ്തത്. അതോടൊപ്പം അദ്ദേഹത്തിന് ലോകോത്തര പ്രകടനം പുറത്തെടുക്കാനും സാധിച്ചു. ധോണി ഉയര്‍ത്തികൊണ്ടുവന്ന താരങ്ങളെല്ലാം ഇപ്പോള്‍ അവരുടെ ക്ലാസ് കാണിക്കുന്നുണ്ട്. സ്വന്തം രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി കളിക്കുകയെന്നത് മാത്രമാണ് ഓരോ താരത്തിന്റെ കടമയാണ് ധോണി അത് ഭംഗിയായി പൂര്‍ത്തിയാക്കി.

അത്തരം താരങ്ങള്‍ ഒരിക്കലും ഇങ്ങനെയല്ല വിരമിക്കേണ്ടത്. ഒരു വിടവാങ്ങല്‍ മത്സരം അദ്ദേഹത്തിന് ലഭിക്കണം. ധോണിക്ക് വേണ്ടി കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കണം. ഗ്രൗണ്ടില്‍ നിന്നായിരിക്കണം അദ്ദേഹം വിരമിക്കേണ്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചത് പോലെ ധോണിയും വിരമിക്കട്ടെ. അപൂര്‍വമായിട്ടേ ഇത്തരം പ്രതിഭകളെ ക്രിക്കറ്റ് ലോകത്തിന് ലഭിക്കൂ. പാകിസ്ഥാന്‍ ക്രിക്കറ്റിനും വേണ്ടത് ഇത്തരമൊരു ക്യാപ്റ്റനെയാണ്. യൂനിന് ഖാന്‍, ഇന്‍സമാം ഉള്‍ ഹഖ് എന്നിങ്ങനെ പേരെടുത്ത് പറയാവുന്ന താരങ്ങള്‍ പാകിസ്ഥാനുണ്ടായിരുന്നു. 

ധോണി ഇന്ത്യക്ക് വേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്തു. പാകിസ്ഥാന് ഏറ്റവും മികച്ച ഉദാഹരണമാണ് ധോണി. പാക് ടീമില്‍ ഇപ്പോഴത്തെ താരങ്ങള്‍ പലരും സ്വന്തം സ്ഥാനം സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. ടീം ജയിക്കുമോ ഇല്ലയോ എന്നുള്ളത് അവരെ ചിന്തിപ്പിക്കുന്നില്ല. ഇപ്പോഴത്തെ ക്യാപ്റ്റന്‍മാരും ധോണിയെ കണ്ട് പഠിക്കണമെന്നാണ് ഞാന്‍ പറയുന്നത്.'' അക്മല്‍ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios