ടീമില്‍ കളിക്കാരുടെ അപ്രമാദിത്വമാണ് ലാംഗറെ സ്ഥാനം ഒഴിയാന്‍ പ്രേരിപ്പിച്ചതെന്നും ടീമിലെ ഏതാനും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫിലെ ചിലര്‍ക്കും തന്‍റെ ശൈലി ഇഷ്ടമായിരുന്നില്ലെന്ന് ലാംഗര്‍ തന്നോട് തുറന്നു പറഞ്ഞിരുന്നുവെന്നും പോണ്ടിംഗ്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ(Australian Cricket Team) പരിശീലക സ്ഥാനത്തു നിന്ന് ജസ്റ്റിന്‍ ലാംഗര്‍(Justin Langer) രാജിവെച്ചതിന് പിന്നാലെ ഓസ്ട്രേലിയന്‍ ടീമിനും ക്രിക്കറ്റ് ബോര്‍ഡിനുമെതിരെ(Cricket Australia) രൂക്ഷ വിമര്‍ശനുവുമായി മുന്‍ താരങ്ങള്‍. പരിശീലക സ്ഥാനത്ത് തുടരാന്‍ ലാംഗര്‍ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തെ പിന്തുണച്ചില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Rickey Ponting) പറഞ്ഞു.
ടീമില്‍ കളിക്കാരുടെ അപ്രമാദിത്വമാണ് ലാംഗറെ സ്ഥാനം ഒഴിയാന്‍ പ്രേരിപ്പിച്ചതെന്നും ടീമിലെ ഏതാനും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫിലെ ചിലര്‍ക്കും തന്‍റെ ശൈലി ഇഷ്ടമായിരുന്നില്ലെന്ന് ലാംഗര്‍ തന്നോട് തുറന്നു പറഞ്ഞിരുന്നുവെന്നും പോണ്ടിംഗ് വ്യക്തമാക്കി. തന്‍റെ ജീവനും ജീവിതവും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനായി സമര്‍പ്പിച്ച ജസ്റ്റിന്‍ ലാംഗറെപ്പോലൊരാള്‍ക്ക് സ്ഥാനം ഒഴിയാന്‍ കൂടുതല്‍ കാരണങ്ങളൊന്നും വേണ്ടല്ലോ എന്നും പോണ്ടിംഗ് ചോദിച്ചു.
ലാംഗര്‍ സ്ഥാനം ഒഴിയാനുണ്ടായ സാഹചര്യം അപമാനകരമാണെന്ന് മുന്‍ താരം ബ്രാഡ് ഹോഗ് പറഞ്ഞു. ദുരന്തമുഖത്തു നിന്ന് ഓസീസ് ക്രിക്കറ്റിനെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചത് ലാംഗറാണ്. അദ്ദേഹത്തെയാണ് ഇത്തരത്തില്‍ അപമാനിച്ച് പടിയിറക്കി വിടുന്നതെന്നും ഹോഗ് തുറന്നടിച്ചു.
ഓസീസ് ക്രിക്കറ്റിനെ അപമാനത്തിന്‍റെ പടുകുഴിയില്‍ നിന്ന് രക്ഷിച്ച ലാംഗര്‍ പന്ത് ചുരണ്ടല്‍ അടക്കം ഓസീസ് ക്രിക്കറ്റില്‍ നിലനിന്ന മോശം സംസ്കാരം തന്നെ മാറ്റി ആരും മാനിക്കുന്ന ടീമാക്കി ഓസ്ട്രേലിയയെ മാറ്റിയെടുത്ത പരിശീലകനുമായിരുന്നു ലാംഗറെന്ന് മുന്‍ താരം മിച്ചല്‍ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.
ലാംഗറുടെ ഓപ്പണിംഗ് പങ്കാളിയായിരുന്ന മാത്യു ഹെയ്ഡന്‍ രൂക്ഷമായ ഭാഷയിലാണ് ഓസീസ് ബോര്‍ഡിനെയും കളിക്കാരെയും വിമര്‍ശിച്ചത്. ലാംഗറെ പിന്തുണക്കാതിരുന്ന നായകന്‍ പാറ്റ് കമിന്‍സിന്‍റെ നടപടിയെയും ഹെയ്ഡന്‍ വിമര്‍ശിച്ചു. ലാംഗര്‍ക്കെതിരായ കളിക്കാരുടെ പ്രതിഷേധം പോലും പുറത്തുപോയത് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പിടിപ്പുകേടാണെന്നും ലാംഗര്‍ ഇല്ലായിരുന്നെങ്കില്‍ ഡേവിഡ് വാര്‍മറും സ്റ്റീവ് സ്മിത്തുമെല്ലാം ഇപ്പോള്‍ എവിടെയായിരിക്കുമെന്ന് അനുമാനിക്കാവുന്നതേയുള്ളൂവെന്നും ഹെയ്ഡന്‍ പറഞ്ഞു.
