മുംബൈ: ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ പേരുണ്ടാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഗ്രൗണ്ടിലും വ്യക്തി ജീവിതത്തിലും ശാന്തനാണ് ധോണി. എന്നാല്‍ ആവശ്യഘട്ടങ്ങളില്‍ ആക്രമണോത്സുകതയും കാണിക്കാറുണ്ട്. ഇപ്പോള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് 2007ല്‍ ഇന്ത്യന്‍ ടീം മാനേജറായിരുന്ന ലാല്‍ചന്ദ് രജ്പുത്. 

മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ ക്യാപ്റ്റന്‍സി ധോണിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് ലാല്‍ചന്ദ് പറയുന്ന്. അദ്ദേഹം തുടര്‍ന്നു... ''ദ്രാവിഡ്, ഗാംഗുലി എന്നിവരുടെ ക്യാപ്റ്റന്‍സി കൂടിച്ചേര്‍ന്നതാണ് ധോണിയില്‍ കാണുന്നത്. എപ്പോഴും എതിരാളികളുടെ രണ്ട് പടി മുകളിലാണ് ധോണിയുടെ സ്ഥാനം. ചിന്തിക്കുന്ന ക്യാപ്റ്റനാണ് ധോണി. ചിലപ്പോള്‍ ഗാംഗുലിയെ പോലെയാണ് അദ്ദേഹം. യുവതാരങ്ങള്‍ക്ക് കഴിവുണ്ടെന്ന് തോന്നിയാല്‍ ധോണി അവസരം നല്‍കും. അതേസമയം ഗാംഗുലിയുടെ ആക്രമണോത്സുകതയും കാണിക്കും. എന്നാല്‍ ദ്രാവിഡിന്റെ സവിശേഷതയും ധോണിക്കുണ്ട്. ധോണി ശാന്തനാണ് ഏകാഗ്രനാണ്. ഇതെല്ലാം ദ്രാവിഡില്‍ നിന്ന് ലഭിച്ചതാണ്.'' ലാല്‍ചന്ദ് പറഞ്ഞു.

നേരത്തെ, 2007 ടി20 ലോകകപ്പില്‍ നിന്ന് പിന്മാറാന്‍ ദ്രാവിഡ് സച്ചിനോടും ഗാംഗുലിയോടും ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 'സച്ചിനോടും ഗാംഗുലിയോടും പിന്മാറാന്‍ ദ്രാവിഡ് ആവശ്യപ്പെടുകയായിരുന്നു. ഇരുവരെയും ദ്രാവിഡ് പറഞ്ഞുസമ്മതിപ്പിച്ചു. ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇന്ത്യന്‍ ടീം. അന്ന് ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. ചില താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്ന് നേരിട്ട് ദക്ഷിണാഫ്രിക്കിയില്‍ വരികയായിരുന്നു. എന്നാല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി മാറിനില്‍ക്കുകയാണെന്ന് മൂവരും വ്യക്തമാക്കി.'' ലാല്‍ചന്ദ് പറഞ്ഞു.