സ്ഥിരം ക്യാപറ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്‌വാന്‍ എന്നിവരെയൊന്നും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇസ്ലാമാബാദ്: ഷദാബ് ഖാന് പാകിസ്ഥാന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയതിന് പിന്നലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം റഷീദ് ലത്തീഫ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കാണ് ഷദാബിനെ ക്യാപ്റ്റനാക്കിയത്. സ്ഥിരം ക്യാപറ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്‌വാന്‍ എന്നിവരെയൊന്നും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. താരങ്ങളെ ഒഴിവാക്കിയതിന് പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി മുന്‍ പാക് വിക്കറ്റ് കീപ്പര്‍ രംഗത്തെത്തിയത്.
അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''പാകിസ്ഥാന്‍ താരങ്ങള്‍ അടുത്തകാലത്ത് ഐസിസി റാങ്കിംഗില്‍ ഇടം പിടിക്കുന്നു. മാത്രമല്ല, വലിയ ഇടവേളയ്ക്ക് ശേഷം ഐസിസി അവാര്‍ഡുകളും നേടുന്നു. ബാബറും ഷഹീനും അവാര്‍ഡുകള്‍ നേടിയപ്പോള്‍ പിസിബിക്ക് അത് പിടിക്കുന്നില്ല. പാക് താരങ്ങള്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കേണ്ടതില്ലെന്ന നിലപാടാണ് പിസിബിയുടേത്. 70-80 വയസുള്ളവരും, ഇപ്പോള്‍ വിശ്രമം ആവശ്യമുള്ളവരുമാണ് പാക് ക്രിക്കറ്റിന്റെ ഗതി നിര്‍ണയിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റിന് റെസ്റ്റ് ഇന്‍ പീസ് എന്ന് മാത്രമെ പറയാനുള്ളൂ.'' ലത്തീഫ് വ്യക്തമാക്കി.
''പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുമ്പോള്‍ ടീം കോംപിനേഷന്‍ തകരും. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ മികച്ച സ്‌ട്രൈക്കറ്റ് റേറ്റില്‍ തിളങ്ങിയേക്കും. അപ്പോള്‍ അവരേക്കാള്‍ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളെ തിരിച്ചുവിളിക്കുമോ? മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തും. പാകിസ്ഥാന്‍ ക്രിക്കറ്റിനെ തകര്‍ക്കുന്ന തീരുമാനങ്ങളാണിത്.'' അദ്ദേഹം കൂട്ടിചേര്‍ത്തു.
പാകിസ്ഥാന്‍ ടീം: ഷദാബ് ഖാന്‍ (ക്യാപ്റ്റന്‍), അബ്ദുള്ള ഷെഫീഖ്, അസം ഖാന്‍, ഹഫീം അഷ്‌റഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇഹ്‌സാനുള്ള, ഇമാദ് വസിം, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, നസീം ഷാ, സയിം അയൂബ്, ഷാന്‍ മസൂദ്, തയ്യബ് താഹിര്‍, സമന്‍ ഖാന്.
