ആന്റിഗ്വ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തി വിന്‍ഡീസിന്റെ ഇതിഹാസ താരങ്ങള്‍. മുന്‍ പേസര്‍മാരായ ആന്‍ഡി റോബര്‍ട്ട്‌സ്, ക്വേര്‍ട്ട്ലി ആംബ്രോസ് എന്നിവരാണ് ബുംറയെ വാനോളം പുകഴ്ത്തിയത്. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബുംറ എട്ടോവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. പിന്നാലെയാണ് ഇതിഹാസങ്ങള്‍ ബുംറയെ പുകഴ്ത്തി രംഗത്തെത്തിയത്. 

ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും മികച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ബുംറയാണെന്ന് റോബര്‍ട്‌സ് അഭിപ്രായപ്പെട്ടു. അദ്ദേഹം തുടര്‍ന്നു... ''കപില്‍ ദേവിനെ പോലെ മികച്ച താരങ്ങള്‍ക്ക് ഇന്ത്യ ജന്മം കൊടുത്തിട്ടുണ്ട്. എന്നാല്‍ ബുംറയെ പോലെ തന്ത്രശാലിയായ ഒരു പേസറെ ഇന്ത്യ കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയില്ല. ഞങ്ങളുടെ സമയത്ത് ബുംറ വെസ്റ്റ് ഇന്‍ഡീസിലായിരുന്നു ജനിച്ചിരുന്നതെങ്കില്‍ അദ്ദേഹം ടീമില്‍ കളിക്കുമായിരുന്നു. ഞാന്‍ കണ്ടതില്‍വച്ച് വിചിത്രമായ ആക്ഷനാണ് ബുംറയുടേത്. അദ്ദേഹത്തിന്റെ വേഗം ഏതൊരു ബാറ്റ്‌സ്മാനേയും ഭയപ്പെടുത്തും.'' റോബര്‍ട്‌സ് പറഞ്ഞുനിര്‍ത്തി.

ബുംറയുടെ ബൗളിങ് പ്രകടനം കാണുമ്പോള്‍ ഞങ്ങള്‍ കളിച്ചിരുന്ന കാലത്തെ കുറിച്ച് ഓര്‍ത്തുപോവുന്നുവെന്ന് ആംബ്രോസ് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''വേഗം, ആക്രമണോത്സുകത, കഴിവ് എന്നാല്‍ ഒത്തിണങ്ങിയ പേസറാണ്  ബുംറ. ഞങ്ങളില്‍ ഒരുവനായി തോന്നുന്നു. ഏതൊരു കാലഘട്ടത്തില്‍ കളിച്ചാലും മികച്ചവനാകാനുള്ള കഴിവ് ബുംറയ്ക്കുണ്ട്.'' ആംബ്രോസ് വ്യക്തമാക്കി.