താന്‍ കൊക്കൈയ്ന്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ ഒരു കൂട്ടം ഇന്ത്യന്‍ വ്യവസായികള്‍ വാതുവെപ്പിന് കൂട്ടുനില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ബ്ലാക് മെയില്‍ ചെയ്തുവെന്നും ഈ മാസം 24ന് ടെയ്‌ലര്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

ദുബായ്: വാതുവെപ്പുകാര്‍ സമീപിച്ച കാര്യം അറിയിക്കാതിരുന്നതിനും ഉത്തേജകമരുന്ന് ഉപയോഗിച്ചതിനും സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍(Former Zimbabwe captain ) ബ്രെണ്ടന്‍ ടെയ്‌ലറെ(Brendan Taylor) മൂന്നരവര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കി ഐസിസി(ICC). സമൂഹമാധ്യമങ്ങളിലൂടെയാണ് വാതുവെപ്പുകാര്‍ സമീപിച്ച കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാതിരുന്ന കാര്യം 35കാരനായ ടെയ്‌ലര്‍ അടുത്തിടെ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഐസിസി നടപടി.

2025 ജൂലായ് 28വരെയാണ് വിലക്കിന്‍റെ കാലവധി. താന്‍ കൊക്കൈയ്ന്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ ഒരു കൂട്ടം ഇന്ത്യന്‍ വ്യവസായികള്‍ വാതുവെപ്പിന് കൂട്ടുനില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ബ്ലാക് മെയില്‍ ചെയ്തുവെന്നും ഈ മാസം 24ന് ടെയ്‌ലര്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. 2019ലാണ് സംഭവം നടന്നതെന്നും എന്നാല്‍ താന്‍ വാതുവെപ്പിന് കൂട്ടുനിന്നില്ലെന്നും ടെയ്‌ലര്‍ വ്യക്തമാക്കിയിരുന്നു.

സംഭവം ഐസിസിയടെ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയതായി ടെയ്‌ലര്‍ സമ്മതിച്ചിരുന്നു. ഇന്ത്യന്‍ വ്യവസായികളുമായി മദ്യപിച്ചിരുന്നുവെന്നും അതിനിടെയാണ് അവര്‍ കൊക്കൈയ്ന്‍ നല്‍കിയതെന്നും ടെയ്‌ലര്‍ പറഞ്ഞിരുന്നു. കൊക്കൈയ്ന്‍ രുചിച്ചു നോക്കിയ താന്‍ വിഡ്ഢിയായെന്നും ഇതേ ആളുകളാണ് പിന്നീട് തന്നെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് കാട്ടി ബ്ലാക്ക് മെയില്‍ ചെയ്തതെന്നും ടെയ്‌ലര്‍ വ്യക്തമാക്കിയിരുന്നു.

Scroll to load tweet…

ഒരിക്കലും വാതുവെപ്പിന്‍റെ ഭാഗമായിട്ടില്ലെന്നും താനൊരു ചതിയനല്ലെന്നും ടെയ്‌ലര്‍ പറഞ്ഞിരുന്നു. കുറ്റങ്ങള്‍ എല്ലാം സമ്മതിച്ചതിനാലാണ് ടെയ്‌ലറുടെ ശിക്ഷ മൂന്നര വര്‍ഷത്തെ വിലക്കില്‍ ഒതുങ്ങിയതെന്ന് ഐസിസി ഇന്‍റഗ്രിറ്റി യൂണിറ്റ് തലവന്‍ അലക്സ് മാര്‍ഷല്‍ പറഞ്ഞു.

സിംബാബ്‌വെക്കായി 34 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള ടെയ്‌ലര്‍ ആറ് സെഞ്ചുറി ഉള്‍പ്പെടെ 2320 റണ്‍സടിച്ചു. 205 ഏകദിനങ്ങളില്‍ 11 സെഞ്ചുറി ഉള്‍പ്പെടെ 6684 റണ്‍സും 44 ടി20 മത്സരങ്ങളില്‍ നിന്ന് 859 റണ്‍സും ടെയ്‌ലര്‍ നേടിയിട്ടുണ്ട്. ഏകദിനങ്ങളില്‍ ഒമ്പത് വിക്കറ്റും ടി20യില്‍ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.