2008ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയക്ക് എതിരെയായിരുന്നു ഇന്ത്യ 22 റണ്‍സിനിടെ നാല് വിക്കറ്റ് കളഞ്ഞുകുളിച്ചത്

ബെംഗളൂരു: അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരത്തില്‍ പവര്‍പ്ലേയ്ക്കിടെ കൂട്ടത്തകര്‍ച്ച നേരിട്ട ടീം ഇന്ത്യ നാണക്കേടിന്‍റെ റെക്കോര്‍ഡിനൊപ്പം. രാജ്യാന്തര ട്വന്‍റി 20യില്‍ ഇന്ത്യയുടെ നാലാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഏറ്റവും കുറഞ്ഞ സ്കോര്‍ പിറന്നതിന്‍റെ നാണക്കേടിലേക്ക് ഈ മത്സരത്തിലൂടെയും നീലപ്പട വഴുതിവീണു. 

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനോട് 4.3 ഓവറുകള്‍ക്കിടെ 22 റണ്‍സില്‍ ടീം ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. മുമ്പ് ഒരിക്കലും ടീം ഇന്ത്യ സമാന സ്കോറില്‍ നാല് വിക്കറ്റ് നഷ്ടമാക്കിയിട്ടുണ്ട്. 2008ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയക്ക് എതിരെയായിരുന്നു ഇന്ത്യ 22 റണ്‍സിനിടെ നാല് വിക്കറ്റ് കളഞ്ഞുകുളിച്ചത്. 2010ല്‍ ബ്രിഡ്‌ജ്‌ടൗണില്‍ ഓസീസിനോട് 23 റണ്‍സിന് ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തേണ്ടിവന്നതും നാണക്കേടായി. ബെംഗളൂരുവില്‍ അഫ്ഗാനോട് 22-4 എന്ന നിലയില്‍ ടീം ഇന്ത്യ പ്രതിരോധത്തിലായപ്പോള്‍ യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവരാണ് വേഗം പുറത്തായത്. ജയ്സ്വാള്‍ നാലിനും ദുബെ ഒരു റണ്ണിനും മടങ്ങിയപ്പോള്‍ വിരാടും സഞ്ജുവും ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. 

ബെംഗളൂരുവില്‍ 4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിലായ ഇന്ത്യയെ ഒരറ്റത്ത് പിടിച്ചുനിന്ന് നായകന്‍ രോഹിത് ശര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ അവിശ്വസനീയ ബാറ്റിംഗ് രക്ഷിച്ചു. ഇരുവരുടെയും അഞ്ചാം വിക്കറ്റിലെ 190 റണ്‍സ് കൂട്ടുകെട്ടില്‍ ടീം ഇന്ത്യ നിശ്ചിത 20 ഓവറില്‍ 212-4 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി രോഹിത് ശര്‍മ്മ സെഞ്ചുറിയും റിങ്കു ഫിഫ്റ്റിയും അടിച്ചു. രോഹിത് 69 പന്തില്‍ 121* ഉം, റിങ്കു 39 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന ഓവറില്‍ കരീം ജനാത്തിനെ അഞ്ച് സിക്സും ഒരു ഫോറും സഹിതം 36 റണ്‍സടിച്ച് രോഹിത് ശര്‍മ്മയും റിങ്കു സിംഗും അസ്സലായി ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യുകയായിരുന്നു. 

Read more: അലക്ഷ്യം, അവിശ്വസനീയം; വിക്കറ്റ് വലിച്ചറിഞ്ഞ് സഞ്ജു സാംസണ്‍, ഗോള്‍ഡന്‍ ഡക്ക്! ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം