Asianet News MalayalamAsianet News Malayalam

ഇന്‍ഡോര്‍ പിച്ചിന്‍റെ മോശം റേറ്റിംഗ് മാറ്റിയതിനെ വിമര്‍ശിച്ച് ഓസീസ് മാധ്യമം, കൂടെച്ചേര്‍ന്ന് മുന്‍ കോച്ച്

ഐസിസി നടപടി പരിഹാസ്യമാണെന്നായിരുന്നു ഫോക്സ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ മോശമായ ഒരു പിച്ചാണ് ഇന്‍ഡോറില്‍ ഒരുക്കിയത്. പക്ഷെ അപ്പീല്‍ നല്‍കി അവര്‍ മോശം റേറ്റിംഗ് മാറ്റിയെടുക്കുന്നതില്‍ വിജയിച്ചുവെന്നും ഫോക്സ് ക്രിക്കറ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Fox cricket tweets ridiculous on ICC's new Indore pitch verdict fans responds gkc
Author
First Published Mar 28, 2023, 3:21 PM IST

ദുബായ്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയായ ഇന്‍ഡോറിലെ പിച്ചിന് മോശം റേറ്റിംഗ് നല്‍കിയ തീരുമാനം ബിസിസിഐയുടെ അപ്പീലിനെത്തുടര്‍ന്ന് ശരാശരിയിലും താഴെ എന്നാക്കിയ ഐസിസി നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി  ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. ഇന്‍ഡോര്‍ പിച്ചിന് ഐസിസി മോശം റേറ്റിംഗും മൂന്ന് ഡി മെറിറ്റ് പോയന്‍റുമായിരുന്നു ആദ്യം വിധിച്ചത്.

എന്നാല്‍ ബിസിസിഐയുടെ അപ്പീലിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇത് ശരാശരിയിലും താഴെ റേറ്റിംഗായി മാറ്റിയ ഐസിസി മൂന്ന് ഡി മെറിറ്റ് പോയന്‍റ് എന്നത് ഒന്നാക്കി കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ഓസീസ് മാധ്യമങ്ങളെ ചൊടിപ്പിച്ചത്. ഐസിസി നടപടി പരിഹാസ്യമാണെന്നായിരുന്നു ഫോക്സ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ മോശമായ ഒരു പിച്ചാണ് ഇന്‍ഡോറില്‍ ഒരുക്കിയത്. പക്ഷെ അപ്പീല്‍ നല്‍കി അവര്‍ മോശം റേറ്റിംഗ് മാറ്റിയെടുക്കുന്നതില്‍ വിജയിച്ചുവെന്നും ഫോക്സ് ക്രിക്കറ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  ഫോക്സ് ക്രിക്കറ്റിന്‍റെ ട്വീറ്റില്‍ ചിരിക്കുന്ന സ്മൈലി ഇട്ട് മുന്‍ താരവും പരിശീലകനുമായ ഡാരെല്‍ ലേമാന്‍ രംഗത്തുവന്നത് ഇന്ത്യന്‍ ആരാധാകരെ ചൊടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഓസീസ് മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടിനും ലേമാന്‍റെ സ്മൈലിക്കും രൂക്ഷമായ ഭാഷയിലാണ് ഇന്ത്യന്‍ ആരാധകര്‍ മറുപടി നല്‍കിയത്. കഴിഞ്ഞ നാലു ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലും തോറ്റതിന്‍റെ വേദന ഞങ്ങള്‍ക്ക് മനസിലാവുമെന്ന് ആരാധകര്‍ മറുപടി നല്‍കി. ഇന്‍ഡോര്‍ ടെസ്റ്റില്‍ ജയിച്ച് ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചിരുന്നു. അഹമ്മദാബാദില്‍ നടന്ന അവസാന ടെസ്റ്റ് സമനില പിടിച്ച് ഇന്ത്യയും തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടി.

ഇന്‍ഡോര്‍ ടെസ്റ്റിലെ ആദ്യ ദിനം ആദ്യ സെഷനില്‍ തന്നെ പന്ത് കുത്തിത്തിരിഞ്ഞത് ബാറ്റിംഗ് ദുഷ്കരമാക്കിയിരുന്നു. ആദ്യ സെഷനില്‍ തന്നെ ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി. ഒമ്പത് വിക്കറ്റിനാണ് ഇന്‍ഡോറില്‍ ഓസ്ട്രേലിയ ജയിച്ചത്.

Follow Us:
Download App:
  • android
  • ios