മുംബൈ: കപില്‍ ദേവിന് പിന്നാലെ അന്‍ഷുമാന്‍ ഗെയ്ക്‌വാദും ബിസിസിഐ ഉപദേശക സമിതി അംഗത്വം രാജിവച്ചു. ഇതോടെ സമിതിയിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. ഇനി പുതിയ സമിതി രൂപീകരിക്കേണ്ടതായി വരും. ശാന്ത രംഗസ്വാമി നേരത്തെ രാജിവെച്ചിരുന്നു.ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടി ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡി കെ ജയിന്‍ നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് മൂവരും രാജിവെക്കുന്നത്. 

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഗുപ്തയാണ് മൂന്നംഗ സമിതിക്കെതിരെ പരാതിയുന്നയിച്ചത്. കപില്‍ ദേവ് കമന്റേറ്ററും ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗവുമാണ് എന്നായിരുന്നു പരാതി. ഗെയ്ക്വാദിന് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയുണ്ടെന്നും ബിസിസിഐ അഫിലിയേഷന്‍ സമിതിയില്‍ അംഗമാണെന്നും ശാന്ത രംഗസ്വാമി ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമാണ് എന്നും പരാതിയിലുണ്ടായിരുന്നു.

ബിസിസിഐ ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് ഒരു പദവി മാത്രമെ വഹിക്കാനാകൂ. സഞ്ജയ് ഗുപ്തയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച മൂവര്‍ക്കും ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡികെ ജയിന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശാന്ത രംഗസ്വാമിയുടെയും കപില്‍ ദേവിന്റെയും രാജികള്‍. ഇന്ത്യന്‍ വനിത- പുരുഷ ടീം മുഖ്യ പരിശീലകരെ തെരഞ്ഞെടുത്തത് കപില്‍ ദേവ് തലവനായ ഈ മൂന്നംഗ ഉപദേശകസമിതിയാണ്.