ദില്ലി: പിറന്നാള്‍ ദിനത്തില്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് രോഹിത്തെന്നാണ് ഗംഭീര്‍ പറഞ്ഞത്. ട്വിറ്ററിലൂടെ ഹിറ്റ്മാന് പിറന്നാള്‍ ആശംസകള്‍ നേരുന്നതിനൊപ്പമാണ്  ഗംഭീര്‍ താരത്തെ പുകഴ്ത്തിയത്.

''ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററായ രോഹിത് ശര്‍മയ്ക്കു പിറന്നാള്‍ ആശംകള്‍. മുന്നിലുള്ളത് നല്ലൊരു വര്‍ഷമാവട്ടെ എന്ന് ആശംസിക്കുന്നു.'' ഗംഭീര്‍ കുറിച്ചിട്ടു. ദേശീയ ടീമില്‍ രോഹിത്തിനൊപ്പം കളിച്ചപ്പോഴുള്ള ഒരു ചിത്രവും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 

2007ല്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് രോഹിത് ശര്‍മ. അന്ന് മധ്യനിരയില്‍ കളിച്ചിരുന്ന താരത്തിന് അധികം സംഭാവനയൊന്നും നല്‍കാന്‍സാധിച്ചിരുന്നില്ല. എന്നാല്‍ 2013ല്‍ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതില്‍ പിന്നെയാണ് താരത്തിന് തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുക്കാനായത്. 

നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകം കണ്ട് ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ രോഹിത്തിന്റെ പേരുണ്ടാകും. എം എസ് ധോണി ക്യാപ്റ്റനായിരിക്കെയാണ് രോഹിത്തിന് സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച ഇതേ വര്‍ഷം തന്നെ ഹിറ്റ്മാന്‍ കരിയറിലെ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറിയും നേടിയിരുന്നു.

നിലവില്‍ മൂന്ന് ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ രോഹത്തിന്റെ പേരിലുണ്ട്. ഇവയില്‍ രണ്ടും ശ്രീലങ്കയ്ക്കെതിരേയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡിട്ട രോഹിത് ഒമ്പത് മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 648 റണ്‍സാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്ത താരവും അദ്ദേഹമായിരുന്നു. 28 മല്‍സരങ്ങളില്‍ നിന്നും 1490 റണ്‍സ് നേടി.