Asianet News MalayalamAsianet News Malayalam

ബുംറയ്ക്ക് എന്‍സിഎയില്‍ ഫിറ്റ്‌നെസ് ടെസ്റ്റ് നിഷേധിച്ച സംഭവം; ദ്രാവിഡുമായി സംസാരിക്കുമെന്ന് ഗാംഗുലി

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താന്‍ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി വിസമ്മതിച്ച സംഭവത്തില്‍ അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡുമായി സംസാരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ganguly speak to dravdi on nca controversy
Author
Kolkata, First Published Dec 21, 2019, 3:03 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താന്‍ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി വിസമ്മതിച്ച സംഭവത്തില്‍ അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡുമായി സംസാരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസാണ് ഇത് സംബന്ധിച്ച വിവാദമുണ്ടാകുന്നത്. പരിക്ക് കാരണം വിശ്രമത്തിലായിരുന്നപ്പോള്‍ സ്വകാര്യ സ്പെഷ്യലിസ്റ്റുകളുടെ സഹായം തേടിയതോടെയാണ് എന്‍സിഎ ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ബുംറയെ അറിയിച്ചത്. 

എന്‍സിഎ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് കൗഷിക്കുമാണ് ഇക്കാര്യം ബുംറയോട് പറഞ്ഞത്. ബുംറ സ്വയം ഏര്‍പ്പാടാക്കിയ വിദഗ്ധ സംഘത്തോടൊപ്പം ഫിറ്റ്‌നെസ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്‍സിഎയില്‍ ഉറപ്പ് ലഭിച്ചാല്‍ മാത്രമെ ബുംറയ്ക്ക് ദേശീയ ടീമിനൊപ്പം ചേരാന്‍ സാധിക്കൂ. എന്നാല്‍, താരം എന്‍സിഎയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ലായിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തെ കുറിച്ച് ദ്രാവിഡോ ബുംറയോ മാധ്യങ്ങളോട് ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. 

ഇതിനിടെയാണ് ഗാംഗുലി വിശദീകരണത്തിന് ഒരുങ്ങുന്നത്. എന്താണ് ഫിറ്റ്‌നെസ് ടെസ്റ്റ് നിഷേധിക്കാനുള്ള യഥാര്‍ത്ഥ കാരണമെന്ന് രാഹുല്‍ ദ്രാവിഡിനോട് ചോദിക്കുമെന്ന് ഗാംഗുലി അറിയിച്ചു. പ്രശ്‌നം എന്തുതന്നെയായാലും ഉടന്‍ പരിഹാരമുണ്ടാവുമെന്നും ഗാംഗുലി അറിയിച്ചു. 

വിശാഖപ്പട്ടണം ഏകദിനത്തിന് തലേന്ന് ഇന്ത്യന്‍ നെറ്റ്സില്‍ പന്തെറിയാനെത്തിയ ബുംറ, ന്യൂസിലന്‍ഡ് പര്യടനത്തില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios