ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന പരിശീലകന്‍ ഗൗതം ഗംഭീറിന് പിന്തുണയുമായി മുന്‍ കോച്ച് ഗാരി കേര്‍സ്റ്റണ്‍.

ഗാലെ: ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന് പിന്തുണമായി മുന്‍ പരിശീലകന്‍ ഗാരി കേര്‍സ്റ്റണ്‍. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലെ ടീമിന്റെ മോശം പ്രകടനങ്ങളുടെ പേരില്‍ ഗംഭീര്‍ നിലവില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഗംഭീറിന് കീഴില്‍ ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളില്‍ ഇന്ത്യ വൈറ്റ്വാഷ് നേരിട്ടിരുന്നു. കൂടാതെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും (4-0) ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഗൗതം ഗംഭീറിനൊപ്പം പ്രവര്‍ത്തിക്കുന്നത് താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും ഒരു പരിശീലകനെന്ന നിലയില്‍ ഗംഭീര്‍ വിജയം വരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേര്‍സ്റ്റന്‍ വ്യക്തമാക്കി. 'അദ്ദേഹമൊരു മികച്ച പരിശീലകനാണ്, ഒട്ടേറെ വിജയങ്ങള്‍ നേടിയിട്ടുണ്ട്. ടി20 ലോകകപ്പും (2026) ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും (2025) അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിലും അദ്ദേഹം വിജയം കൈവരിച്ചിട്ടുണ്ട് (2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ ആയിരുന്നു). അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെ അത് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം കളിക്കാരനായിരുന്ന കാലത്ത് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള അദ്ദേഹത്തിന് പരിശീലകനായും വിജയിക്കാനാകുമെന്ന് എനിക്കറിയാമായിരുന്നു.' കേര്‍സ്റ്റന്‍ പറഞ്ഞു.

2008 മുതല്‍ 2011 വരെ ഇന്ത്യയുടെ പരിശീലകനായിരുന്ന കേര്‍സ്റ്റന്റെ കീഴിലാണ് 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. 2003 മുതല്‍ 2016 വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്ന ഗംഭീര്‍, കേര്‍സ്റ്റന്റെ കീഴില്‍ കളിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ശ്രീലങ്കന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി കേര്‍സ്റ്റന്‍ ചുമതലയേറ്റിരുന്നു.

YouTube video player