ദില്ലി: ഷാഹിദ് അഫ്രീദി- ഗൗതം ഗംഭീര്‍ വാക്പോരിന് ശമനമില്ല. അഫ്രീദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗംഭീര്‍ രംഗത്തെത്തി. അഫ്രീദിക്ക് മാനസിക ചികിത്സ വീണ്ടും നിര്‍ദേശിച്ച ഗംഭീര്‍ ഇക്കുറി കൂടുതല്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. അഫ്രീദിക്ക് ചിലപ്പോള്‍ പ്രായം 39 ആയിരിക്കാം, എന്നാല്‍ മാനസികനില 16കാരന്‍റെയാണെന്നാണ് ഗംഭീറിന്‍റെ പ്രകോപനം. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഭീര്‍ ഒരു റാലിക്കിടെയാണ് കടുത്ത വാക്കുകള്‍ പ്രയോഗിച്ചത്. 'അഫ്രീദി നന്നായി തന്‍റെ ബുക്ക് വില്‍ക്കുമെന്ന് തനിക്കുറപ്പാണ്. ചില മനുഷ്യര്‍ക്ക് പ്രായം കൂടും. എന്നാല്‍ മാനസികമായി വളര്‍ച്ചയുണ്ടാകില്ല. ഐസിസി പ്ലെയര്‍ ഓഫ് ദ് ഇയര്‍ എന്ന നിലയ്‌ക്കും ടെസ്റ്റ് പരമ്പരകളും ലോകകപ്പും നേടിയ താരം എന്ന നിലയ്‌ക്കും എന്‍റെ റെക്കോര്‍ഡുകള്‍ തുറന്ന പുസ്‌തകമാണ്. രാജ്യത്തിനായി താന്‍ എന്ത് ചെയ്‌തുവെന്ന് ആളുകള്‍ ചിന്തിക്കട്ടെ. ചിലര്‍ മാസികമായി അസ്വസ്തരായിരിക്കാം, അവര്‍ക്ക് ചികിത്സയാണ് വേണ്ടതെന്നും ഗംഭീര്‍' വ്യക്തമാക്കി. 

ഗ്രൗണ്ടില്‍ എപ്പോഴും ഡോണ്‍ ബ്രാഡ്മാനും ജെയിംസ് ബോണ്ടും ചേര്‍ന്നാലുള്ള മനുഷ്യനെപ്പോലെയാണ് ഗംഭീര്‍ പെരുമാറുകയെന്നും ചൂടന്‍ എന്നാണ് ഇത്തരക്കാരെ തങ്ങള്‍ വിളിക്കുകയെന്നും ഗെയിം ചേഞ്ചര്‍ എന്ന തന്‍റെ ആത്മകഥയില്‍ അഫ്രീദി എഴുതിയിരുന്നു. 'മെഡിക്കല്‍ ടൂറിസത്തിന്‍റെ ഭാഗമായി ഞങ്ങള്‍ ഇപ്പോഴും പാക്കിസ്ഥാന്‍കാര്‍ക്ക് വിസ അനുവദിക്കുന്നുണ്ട്. താങ്കള്‍ വരികയാണെങ്കില്‍ ഞാന്‍ തന്നെ താങ്കളെ ഒരു മാനസികരോഗ വിദഗ്ധനെ കാണിക്കാം എന്ന്' ഗംഭീര്‍ കഴിഞ്ഞ ദിവസം അഫ്രിദിക്ക് മറുപടി നല്‍കിയിരുന്നു.