അഭിഷേകിനെ വാഴ്ത്തി ഗംഭീര്‍, കൂടെ സഞ്ജുവിന് ഇനിയും അവസരം നല്‍കുമെന്നുള്ള സൂചനയും
മോശം ഫോമിലുള്ള സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ ഒഴിവാക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

മുംബൈ: ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ 150 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. മുൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം നേടിയ ശിവം ദുബെ, അഭിഷേക് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 55 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി.
ഇപ്പോള്‍ അഭിഷേകിന്റെ ഇന്നിംഗ്‌സിനെ വാഴ്ത്തുകയാണ് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വാക്കുകള്‍.. ''ഇംഗ്ലണ്ട് ഉയര്‍ന്ന നിലവാരമുള്ള ടീമാണ്. ഒരു കളി തോല്‍ക്കുമെന്ന ഭയം ഞങ്ങള്‍ക്കില്ല. മൊത്തത്തില്‍ 250-260 എന്ന സ്‌കോറില്‍ എത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ചിലപ്പോള്‍ 120ന് പുറത്തായേക്കും. പക്ഷേ ഞങ്ങള്‍ ശരിയായ പാതയിലാണ്. ഇതുമായി ഞങ്ങള്‍ മുന്നോട്ട് പോവും. ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാനാണ് ശ്രമിക്കുന്നത്. അഭിഷേക് ശര്‍മയെപ്പോലുള്ള കളിക്കാരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത്തരം താരങ്ങളെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണ്. ഒട്ടും ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കുക എന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് താരങ്ങളെല്ലാം.'' ഗംഭീര്‍ വ്യക്തമാക്കി.
'എന്റെ വിജയത്തിന് കാരണം അദ്ദേഹമാണ്'; മുന്‍ ഇന്ത്യന്‍ താരത്തിന്റെ പേരെടുത്ത് പറഞ്ഞ് അഭിഷേക്
ടി20യില്‍ ഒരു നിശ്ചിത ഓര്‍ഡറില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. ''സ്ഥിരമായി 140-150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ബൗളര്‍മാര്‍ക്കെതിരെ ഇത്രത്തോളം മികച്ചൊരു സെഞ്ചുറി ഞാന്‍ കണ്ടിട്ടില്ല. ടീമിലുള്ള താരങ്ങള്‍ പരസ്പരം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 140-150 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നമ്മുടെ കളിക്കാര്‍ക്ക് അറിയാം. ഓപ്പണര്‍മാര്‍ ഒഴികെ ഒരു നിശ്ചിത ബാറ്റിംഗ് ഓര്‍ഡറും ഇല്ല, അതാണ് ടി20 ക്രിക്കറ്റ്. ഏകദിനത്തിലും കഴിയുന്നത്ര ആക്രമണാത്മകമായി കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, കാണികളെ രസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.'' ഗംഭീര്‍ വ്യക്തമാക്കി.
എന്തായാലും മോശം ഫോമിലുള്ള സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ ഒഴിവാക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ഇരുവരും പാടേ നിരാശപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് സഞ്ജു 51 റണ്‍സാണ് നേടിയത്. സൂര്യയുടെ കാര്യം ഇതിലും പരിതാപകരമാണ്. 28 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ നേട്ടം.
