ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ പേരും മുഖവും ശബ്ദവും ദുരുപയോഗം ചെയ്യുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 

ന്യൂഡല്‍ഹി: തന്റെ പേരും മുഖവും ശബ്ദവും അനുവാദമില്ലാതെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാകുന്ന വ്യാജ വീഡിയോകള്‍ക്കും ശബ്ദ സന്ദേശങ്ങള്‍ക്കും എതിരെയാണ് ഗംഭീര്‍ സിവില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും, വ്യാജ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ 2.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഇത്തരം വീഡിയോകള്‍ ഉടനടി നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഗംഭീറിന്റെ വാക്കുകള്‍... ''എന്റെ പേരും മുഖവും ശബ്ദവും ചില വ്യക്തികള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനും ആയുധമാക്കുന്നു. ഇത് വ്യക്തിപരമായ വിഷമത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് നിയമത്തിന്റെയും അന്തസ്സിന്റെയും പ്രശ്‌നമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഓരോ പൊതുപ്രവര്‍ത്തകനും അര്‍ഹിക്കുന്ന സംരക്ഷണമാണിത്.'' ഗംഭീര്‍ പറഞ്ഞു. 2025-ന്റെ അവസാനത്തോടെയാണ് ഇന്‍സ്റ്റാഗ്രാം, എക്‌സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഗംഭീറിന്റെ പേരില്‍ വ്യാജ വീഡിയോകള്‍ വര്‍ദ്ധിച്ചത്.

ഗംഭീര്‍ പരിശീലക സ്ഥാനം രാജിവെക്കുന്നു എന്ന തരത്തില്‍ പ്രചരിച്ച ഒരു വ്യാജ വീഡിയോ 29 ലക്ഷത്തിലധികം പേരാണ് കണ്ടത്. മുതിര്‍ന്ന താരങ്ങളെക്കുറിച്ച് ഗംഭീര്‍ മോശം പരാമര്‍ശം നടത്തി എന്ന രീതിയില്‍ പ്രചരിച്ച മറ്റൊരു വീഡിയോ 17 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. മെറ്റാ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം), ഗൂഗിള്‍, എക്‌സ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ക്കും എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

മികച്ച നേട്ടങ്ങള്‍ക്കിടയിലെ തിരിച്ചടി

ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യന്‍ ടീം സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2025-ലെ ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയ്ക്ക് പുറമെ 2026 ടി20 ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയിരുന്നു. കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡും ഇന്ത്യ ഇതിലൂടെ നേടി. ഈ നേട്ടങ്ങള്‍ക്കിടയിലും സൈബര്‍ ഇടങ്ങളില്‍ ട്രോളുകളും എഐ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങളും ഗംഭീറിനെതിരെ ശക്തമാണ്.

YouTube video player