സീനിയര്‍ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. ചണ്ഡീഗഢിനെ 55 റണ്‍സിന് തോല്‍പിച്ച മത്സരത്തില്‍, ക്യാപ്റ്റന്‍ ആശ ശോഭനയുടെ മികവില്‍ കേരളം 157 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ചണ്ഡീഗഢിന് 102 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
തിരുവനന്തപുരം: സീനിയര്‍ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ ചണ്ഡീഗഢിനെ തോല്‍പിച്ച് കേരളം. 55 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് മാത്രമാണ് നേടാനായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍ കിരണ്‍ നവ്ഗിരെയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ തുടര്‍ന്നെത്തിയവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ കേരളത്തിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായി. 25 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സുമടക്കം പുറത്താകാതെ 47 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആശ ശോഭനയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. അക്ഷയ എ 43-ഉം ദൃശ്യ ഐ വി 35-ഉം ടി ഷാനി 23-ഉം റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയായി. നാലാം വിക്കറ്റില്‍ സാറ മഹാജനും പലക് റാണയും ചേര്‍ന്ന് 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാറയെ റണ്ണൗട്ടാക്കി കേരളം മത്സരം തങ്ങളുടെ വരുതിയിലാക്കി. ചണ്ഡീഗഢിന്റെ മറുപടി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സില്‍ അവസാനിച്ചു. കേരളത്തിന് വേണ്ടി മൃദുല വി എസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മികച്ചൊരു ഇന്നിങ്‌സുമായി കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ട ക്യാപ്റ്റന്‍ ആശ ശോഭനയാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച്.

