ദില്ലി: കോവിഡ് 19 ബാധിച്ച് മരിച്ച ദില്ലി പൊലീസിലെ കോൺസ്റ്റബിൾ അമിത് കുമാറിന്റെ മകന്റെ സംരക്ഷണചുമതല ഏറ്റെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. അമിത് കുമാറിന്റെ മൂന്നു വയസ്സുകാരൻ മകന്റെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ളവയുടെ ഉത്തരവാദിത്തം തന്റെ നേതൃത്വത്തിലുള്ള ഗൗതം ഗംഭീർ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് ഗംഭീര്‍ വ്യക്തമാക്കി. അമിത് കുമാറിന്റെ മകനെ ഏറ്റെടുത്ത വിവരം ട്വിറ്ററിലൂടെയാണ് ഗംഭീർ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ചയാണ് പടിഞ്ഞാറൻ ഡൽഹിയിലെ ഭാരത് നഗർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന അമിത് കുമാർ(31) കൊവിഡ് ബാധിച്ച് മരിച്ചത്. ഹരിയാനയിലെ സോനിപത് സ്വദേശിയായ അമിത് കുമാറിന് ഭാര്യയും മൂന്ന് വയസുള്ള മകനുമുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അമിത് കുമാര്‍ ഗാന്ധിനഗറിൽ സുഹൃത്തിനൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്.

ദില്ലിയിലെ സർക്കാർ സംവിധാനമാണ് അമിത് കുമാറിന്റെ മരണത്തിന് ഉത്തരവാദികളെന്നും ഗംഭീർ ട്വീറ്റില്‍ ആരോപിച്ചു. നമ്മുടെ ഭരണവിഭാഗമാണ് അദ്ദേഹത്തെ തോൽപ്പിച്ചത്, നമ്മുടെ സംവിധാനങ്ങളാണ് അദ്ദേഹത്തെ തോൽപ്പിച്ചത്, ഡൽഹിയാണ് അദ്ദേഹത്തെ തോൽപ്പിച്ചത്. കോൺസ്റ്റബിൾ അമിതിനെ ജീവനോടെ തിരിച്ചെത്തിക്കാൻ നമുക്കിനി കഴിയില്ല. എങ്കിലും അദ്ദേഹത്തിന്റെ മകനെ എന്റെ മകനേപ്പോലെ വളർത്തുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍(GGF) അവന്റെ പഠനകാര്യങ്ങള്‍ ഏറ്റെടുക്കും – ഗംഭീർ ട്വീറ്റ് ചെയ്തു.

കോവിഡ് ബാധിച്ച് മരിച്ച അമിത് കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതാദ്യമായല്ല ഗംഭീര്‍ ഇത്തരമൊരു നടപടിയുമായി രംഗത്തെത്തുന്നത്. 2017ല്‍ അനന്ത്നാഗിലെ തീവ്രവാദി ആക്രമണത്തില്‍ മരിച്ച  പോലീസുകാരന്‍ അബ്ദുള്‍ റഷീദിന്റെ മകളുടെ പഠനച്ചെലവുകളും ഗംഭീര്‍ മുമ്പ് ഏറ്റെടുത്തിരുന്നു. ഇതിനുശേഷം ഇതേവര്‍ഷം മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ജവാന്‍മാരുടെ കുട്ടികളുടെ മുഴുവന്‍ പഠനച്ചെലവുകളും ഗംഭീര്‍ ഏറ്റെടുത്തിരുന്നു.