ടെസ്റ്റ് ക്രിക്കറ്റില്‍ സെവാഗ് ഉണ്ടാക്കിയ സ്വാധീനത്തോളം മറ്റൊരു ഇന്ത്യന്‍ താരത്തിനും ഉണ്ടാക്കാനായിട്ടില്ല. ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ സെവാഗ് ശോഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

ദില്ലി: ഏകദിന-ടി20 ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണണറായിരുന്നു വീരേന്ദര്‍ സെവാഗ്. ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഡബിള്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിനേക്കാള്‍ സെവാഗിന്റെ പ്രഭാവം കണ്ടത് ടെസ്റ്റ് ക്രിക്കറ്റിലായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് മുന്‍ സഹതാരമായിരുന്ന ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡില്‍ പങ്കെടുക്കവെയാണ് ടെസ്റ്റില്‍ ഗംഭീര്‍ സെവാഗിന്റെ ബാറ്റിംഗ് പ്രഭാവത്തെക്കുറിച്ച് മനസുതുറന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ സെവാഗ് ഉണ്ടാക്കിയ സ്വാധീനത്തോളം മറ്റൊരു ഇന്ത്യന്‍ താരത്തിനും ഉണ്ടാക്കാനായിട്ടില്ല. ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ സെവാഗ് ശോഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല. പരിമിത ഓവര്‍ ക്രിക്കറ്റ് മാത്രമെ സെവാഗിന് ചേരു എന്നായിരുന്നു എല്ലാവരുടെയും ധാരണ. പക്ഷെ ടെസ്റ്റിലെ സെവാഗിന്റെ റെക്കോര്‍ഡുകള്‍ നോക്കു, അദ്ദഹേം പരിമിത ഓവര്‍ ക്രിക്കറ്റിനെക്കാള്‍ ശോഭിച്ചത് ടെസ്റ്റ് ക്രിക്കറ്റിലാണെന്ന് കാണാം.

സെവാഗ് ലഞ്ച് വരെ ബാറ്റ് ചെയ്താല്‍ ടീം സ്കോര്‍ 100 കടന്നിരിക്കുമെന്നുറപ്പാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ടീമും അത്തരമൊരു സമീപനം സ്വീകരിക്കാത്ത കാലത്തായിരുന്നു അത്. അതുകൊണ്ടുതന്നെ അദ്ദേഹത്തോളം മത്സരത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു കളിക്കാരനില്ലായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.