ദില്ലി: അടുത്ത വര്‍ഷത്തെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബ്രിസ്ബേനില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ക്ഷണിച്ച ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്നിന്റെ വെല്ലുവിളി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഏറ്റെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ബ്രിസ്ബേനിലോ മെല്‍ബണിലോ ഇന്ത്യയും ഓസ്ട്രേലിയും ഡേ നൈറ്റ് ടെസ്റ്റ് കളിച്ചാല്‍ അത് കാണികള്‍ക്ക് വിരുന്നാകുമെന്നും ഗംഭീര്‍ പറഞ്ഞു.

ഞാനായിരുന്നു കോലിയുടെ സ്ഥാനത്തെങ്കില്‍ ആ വെല്ലുവിളി അപ്പോള്‍ തന്നെ ഏറ്റെടുത്തേനെ. ഒപ്പം പെയ്നിനോട് രാത്രി കുട്ടികളെ നോക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കാനും പറഞ്ഞേനെ-ഗംഭീര്‍ പറഞ്ഞു. വെല്ലുവിളികളില്‍ നിന്ന് പിന്നോട്ട് പോവുന്ന കളിക്കാരനല്ല കോലി. അതുകൊണ്ടുതന്നെ അദ്ദേഹം പെയ്നിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയുടെ മികച്ച വിപണനതന്ത്രം കൂടിയാവുമ്പോള്‍ ഡേ നൈറ്റ് ടെസ്റ്റ് വന്‍ വിജയമാവുമെന്നും ഗംഭീര്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരായ ടെസ്റ്റിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യക്കെതിരെ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ തയാറുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് കോലി തയാറാണെങ്കില്‍ തങ്ങള്‍ റെഡിയാണെന്ന് പെയ്ന്‍ പ്രതികരിച്ചത്. ഓസ്ട്രേലിയക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച ചരിത്രമുള്ള ബ്രിസ്ബേനില്‍ ഡേ നൈറ്റ് ടെസ്റ്റിനിറങ്ങാന്‍ കോലിയെ ക്ഷണിക്കുകയാണെന്നും പെയ്ന്‍ പറഞ്ഞിരുന്നു. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്തയിലാണ് ഇന്ത്യ തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചത്.