ടി20 ലോകകപ്പോടെ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും
മുംബൈ: ട്വന്‍റി 20 ലോകകപ്പ് 2024ന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് ഗൗതം ഗംഭീര്‍ ചുമതലയേല്‍ക്കും എന്ന് റിപ്പോര്‍ട്ട്. ജൂണ്‍ അവസാനത്തോടെ ഗംഭീര്‍ ടീം ഇന്ത്യയുടെ പുതിയ കോച്ചാകുമെന്നും തിയതി തീരുമാനമായതായും ദൈനിക് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഗംഭീര്‍ നിര്‍ദേശിക്കുന്ന സപ്പോര്‍ട്ട് സ്റ്റാഫുകള്‍ ടീമിലേക്ക് വരാനും സാധ്യതയുണ്ട്.
ടി20 ലോകകപ്പോടെ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും. വീണ്ടും ദ്രാവിഡ് പരിശീലകനാവില്ല എന്ന് നേരത്തെ ഉറപ്പായിരുന്നു. ടി20 ലോകകപ്പ് അവസാനിച്ച ഉടന്‍ ജൂണ്‍ അവസാനത്തോടെ ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി ചുമതലയേല്‍ക്കും എന്ന വിവരമാണ് പുറത്തുവരുന്നത്. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീറിന്‍റെ കാലാവധി. സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ സ്വയം തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതായി ഗംഭീര്‍ ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ടീം ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡും ബൗളിംഗ് കോച്ച് പരാസ് മാംബ്രെയും ഫീല്‍ഡിംഗ് കോച്ച് ടി ദിലീപുമാണ്. ഗംഭീര്‍ ചുമതലയേല്‍ക്കുന്നതോടെ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലും വലിയ മാറ്റം വന്നേക്കും.
ടീം ഇന്ത്യയുടെ ഏകദിന, ട്വന്‍റി 20 ലോകകപ്പ് കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമായ ഗൗതം ഗംഭീര്‍, ഐപിഎല്ലിന്‍റെ ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഉപദേശകനായി കിരീടത്തിലേക്ക് നയിച്ചതോടെ ഇന്ത്യന്‍ മുഖ്യ പരിശീലകനാകും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ചെന്നൈയില്‍ കഴിഞ്ഞ മാസം ഐപിഎല്‍ ഫൈനലിനിടെ ഗംഭീറുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഏറെ നേരം സംസാരിച്ചിരുന്നു. എന്നാല്‍ ഗംഭീറിനെ തുടര്‍ന്നും മെന്‍ററായി ടീമിന് വേണമെന്ന് കെകെആര്‍ താല്‍പര്യപ്പെടുന്നതായി സൂചനകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കെകെആറും ബിസിസിഐയും തമ്മില്‍ ധാരണയായതാണ് പുതിയ വിവരം.
Read more: 'പാക് ടീമില്‍ വലിയ മാറ്റങ്ങള്‍ വരണം'; ടീമിനുള്ളില്‍ നിന്നുതന്നെ ആവശ്യം, തുറന്നുപറഞ്ഞത് ഓള്‍റൗണ്ടര്‍
