ദില്ലി: ബിജെപി എംപിയും ഇന്ത്യന്‍ മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറിന് വധഭീഷണി. തനിക്ക് വധഭീഷണി ലഭിച്ചതായി വ്യക്തമാക്കി ഗംഭീര്‍ ദില്ലി പൊലീസിന് പരാതി നല്‍കി. വധഭീഷണിയെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. 

'ഒരു അന്താരാഷ്‌ട്ര നമ്പറില്‍ നിന്ന് എനിക്കും കുടംബാംഗങ്ങള്‍ക്കും വധഭീഷണി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും തനിക്കും കുടുംബാഗങ്ങള്‍ക്കും സുരക്ഷ ഒരുക്കുകയും വേണം'- ഡപ്യൂട്ടി കമ്മീഷണര്‍ ഷാദാരക്കയച്ച പരാതിയില്‍ ഗംഭീര്‍ ആവശ്യപ്പെട്ടു. ഭീഷണി സന്ദേശം ലഭിച്ച ഫോണ്‍ നമ്പറും മുന്‍ ക്രിക്കറ്റ് താരം പരാതിയില്‍ കുറിച്ചിരുന്നു. ഇന്നലെയാണ്(ഡിസംബര്‍ 20) ഗംഭീര്‍ പരാതി നല്‍കിയത്. 

ദില്ലി ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം പിയാണ് ഗൗതം ഗംഭീര്‍. എം പിയായ ഗംഭീറിനെ കാണാനില്ല എന്ന തരത്തില്‍ ദില്ലിയില്‍ അടുത്തിടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദില്ലിയിലെ വായുമലിനീകരണ അപകടകരമായ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ നിന്ന് ഗംഭീര്‍ വിട്ടുനിന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കാതെ ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കമന്‍ററി പറയാന്‍ പോയതോടെയാണ് മുന്‍ ഓപ്പണര്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.