ദില്ലി: പരിമിത ഓവര്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണറും വമ്പന്‍ സ്‌കോറുകാരനുമാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ. ഏകദിനത്തിലെ മികവും വമ്പന്‍ ഇന്നിംഗ്‌സുകളും ടെസ്റ്റില്‍ ആവര്‍ത്തിക്കാന്‍ രോഹിതിന് കഴിയുന്നില്ല എന്ന വിമര്‍ശനമുണ്ട്. എന്നാല്‍ രണ്ട് ഇതിഹാസ താരങ്ങളുടെ സഹായത്തോടെ രോഹിതിന് ടെസ്റ്റ് ബാറ്റിംഗ് മെച്ചപ്പെടുത്താനാകുമെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നു.

'ഇപ്പോഴത്തെ ഫോം ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ രോഹിതിന് കഴിയും. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയോ രാഹുല്‍ ദ്രാവിഡിനെയോ പോലെയുള്ളവരുടെ പരിശീലനം കുറച്ച് മാസത്തേക്ക് ലഭിച്ചാല്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ രോഹിതിനെ നമുക്ക് ലഭിച്ചേക്കും. ഇതിഹാസ താരങ്ങളുടെ ഉപദേശം രോഹിതിനെ മാറ്റിയെടുക്കും. അങ്ങനെയെങ്കില്‍ പൂജാരയ്‌ക്കും കോലിക്കും ശേഷം അഞ്ചാം നമ്പറില്‍ രോഹിത് എത്തിയാല്‍ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് ഞെട്ടിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. 

അടുത്തിടെ അവസാനിച്ച ലോകകപ്പില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 648 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. അഞ്ച് സെഞ്ചുറികളും രോഹിത് ലോകകപ്പിനിടെ സ്വന്തം പേരിലാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ 24, 67 എന്നിങ്ങനെയാണ് ഹിറ്റ്‌മാന്‍റെ സ്‌കോര്‍.