വിരാട് കോലിയും രോഹിത് ശർമ്മയും വിരമിച്ചതിന് ശേഷം ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുകയാണ് ടീം ഇന്ത്യ

ഹെഡിംഗ്‍ലി: വിരാട് കോലിയുടെ അഭാവം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് ഇംഗ്ലണ്ടിന്‍റെ മുൻ താരം ജെഫ് ബോയ്കോട്ട്. അതേസമയം രോഹിത് ശർമയുടെ അഭാവം ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിക്കില്ലെന്നും ബോയ്കോട്ട് പറഞ്ഞു. വിരാടും രോഹിത്തുമില്ലാതെ ടീം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിലേത്.

വിരാട് കോലിയും രോഹിത് ശർമ്മയും വിരമിച്ചതിന് ശേഷം ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുകയാണ് ടീം ഇന്ത്യ. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് യുവതാരം ശുഭ്മാൻ ഗില്ലാണ്. കോലിയും രോഹിത്തും പാഡഴിച്ചതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ മാറ്റം ഉറപ്പായി. രോഹിത്തിന്‍റെയും കോലിയുടെയും അഭാവം ഇന്ത്യൻ സ്കോർബോർഡിനെ എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത്തിന്‍റെ അഭാവം ഇന്ത്യന്‍ ടീമിനെ ബാധിക്കില്ലെന്നാണ് ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഓപ്പണർമാരിൽ ഒരാളായ ജെഫ് ബോയ്ക്കോട്ടിന്‍റെ വിലയിരുത്തൽ. കുറച്ചുകാലമായി രോഹിത് ടെസ്റ്റിൽ സ്ഥിരതയോടെ ബാറ്റ് ചെയ്തിട്ടില്ല എന്നതാണ് ഇതിന് കാരണമായി ബോയ്കോട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിരാട് കോലിയുടെ അഭാവം ബാറ്റിംഗ് നിരയിൽ പ്രകടമാവുമെന്നും ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും ആധിപത്യം സ്ഥാപിച്ച താരമാണ് കോലിയെന്നും ബോയ്കോട്ട് പറഞ്ഞു.

ഇംഗ്ലണ്ടിനും ജെഫ് ബോയ്‌കോട്ടിന്‍റെ മുന്നിയിപ്പ്

ഇന്ത്യൻ നിരയിൽ പരിചയസമ്പന്നർ കുറവാണെങ്കിലും ഇംഗ്ലണ്ട് ടീമിന് ജെഫ് ബോയ്കോട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ത്യക്കെതിരെ ബാസ്ബോൾ ശൈലി തുടരുന്നത് ഇംഗ്ലണ്ട് സൂക്ഷിക്കണം. എതിരാളിയെയും സാഹചര്യവും അറിഞ്ഞാണ് കളിക്കേണ്ടത്. മൂന്ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇടംപിടിക്കാത്ത ടീമാണെന്ന് ഇംഗ്ലണ്ട് താരങ്ങൾ ഓർക്കണമെന്നും ബോയ്കോട്ട് പറഞ്ഞു.

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഉച്ചതിരിഞ്ഞ് 3.30ന് ഇംഗ്ലണ്ടിലെ ഹെഡിംഗ്‍ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ രണ്ട് മുതല്‍ ബിര്‍മിംഗ്‌ഹാമിലും മൂന്നാം ടെസ്റ്റ് ജൂലൈ 10 മുതല്‍ ലോര്‍ഡ്‌സിലും നാലാം ടെസ്റ്റ് 23 മുതല്‍ ഓള്‍ഡ് ട്രഫോര്‍ഡിലും അഞ്ചാം ടെസ്റ്റ് ജൂലൈ 31 മുതല്‍ ലണ്ടനിലെ കെന്നിംഗ്‌ടണ്‍ ഓവലിലും നടക്കും. ഗില്ലിന്‍റെ നായകത്വത്തിലുള്ള ഇന്ത്യന്‍ യുവ തലമുറ ഇംഗ്ലണ്ടില്‍ എത്രത്തോളം മികവ് കാട്ടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. 

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News