2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലൂടെ ക്രിക്കറ്റ് നീണ്ട 128 വര്‍ഷത്തിന് ശേഷം ലോക കായിക മാമാങ്കത്തില്‍ തിരിച്ചെത്തുകയാണ്

ദില്ലി: ജപ്പാന്‍ വേദിയാവുന്ന 2026ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ നീക്കം. ക്രിക്കറ്റ് ജനകീയമല്ലാത്ത ജപ്പാനില്‍ ബേസ്‌ബോള്‍ സ്റ്റേഡിയം ക്രിക്കറ്റ് സ്റ്റേഡിയമായി രൂപമാറ്റം വരുത്തി മത്സരങ്ങള്‍ നടത്താനാണ് ശ്രമം. ക്രിക്കറ്റിനെ വീണ്ടും ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യക്ക് ഏറെ ഗുണകരമാകും. 

2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലൂടെ ക്രിക്കറ്റ് നീണ്ട 128 വര്‍ഷത്തിന് ശേഷം ലോക കായിക മാമാങ്കത്തില്‍ തിരിച്ചെത്തുകയാണ്. ഇതിന്‍റെ ഒരുക്കമായി ഏഷ്യയില്‍ ക്രിക്കറ്റ് ശക്തിപ്പെടുത്താനാണ് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പരിശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചൈന വേദിയായ ഹാങ്ഝൗ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മത്സരയിനമായിരുന്നു. ഇതിന്‍റെ തുടര്‍ച്ച ജപ്പാനിലെ ഏഷ്യന്‍ ഗെയിംസിലും പ്രതീക്ഷിക്കാം. ജപ്പാന്‍ ഏഷ്യന്‍ ഗെയിംസിനായുള്ള മത്സരയിനങ്ങളുടെ പട്ടിക തയ്യാറാക്കിവരുന്നതേയുള്ളൂവെങ്കിലും ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കുന്നതായി ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ ആക്ടിംഗ് പ്രസിഡന്‍റ് രന്ദീര്‍ സിംഗ് പറഞ്ഞതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

ക്രിക്കറ്റിന് വേണ്ടത്ര പ്രചാരമില്ലാത്തതാണ് ഏഷ്യന്‍ ഗെയിംസ് സംഘടിപ്പിക്കുമ്പോള്‍ ജപ്പാന് മുന്നിലുള്ള വെല്ലുവിളി. ടോക്കീജിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമുണ്ടെങ്കിലും ഏഷ്യന്‍ ഗെയിംസ് വേദിയായ നഗോയയില്‍ സ്റ്റേഡിയം വേണമെന്നാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. അതേസമയം നഗോയയില്‍ നിന്ന് ടോക്കീജിയില്‍ എത്തണമെങ്കില്‍ മൂന്നര മണിക്കൂര്‍ യാത്രാസമയം വേണം. ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഭാഗവാക്കാക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായി കൂടിയാലോചിക്കുകയാണ് ഗെയിംസ് സംഘാടകര്‍. ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള താല്‍പര്യം ഏഷ്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. 2026 ഏപ്രിലില്‍ നടക്കുന്ന ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ യോഗത്തില്‍ ഗെയിംസിലെ മത്സരയിനങ്ങളുടെ പട്ടിക തയ്യാറാക്കും.

Read more: സൗദി പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്ക്, 30000 സൗദി റിയാല്‍ പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം