രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരായ ഒന്നാം ഇന്നിംഗ്‌സിൽ കേരളം 404 റൺസിന് പുറത്തായി. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം സച്ചിൻ ബേബിയുടെയും മുഹമ്മദ് അസറുദ്ദീന്റെയും സെഞ്ചുറികളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
തിരുവനന്തപുരം: ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് 404ന് അവസാനിച്ചു. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുഹമ്മദ് അസറുദ്ദീന്‍ (പുറത്താവാതെ 139), സച്ചിന്‍ ബേബി (113) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഒഡീഷയ്ക്ക് വേണ്ടി ലളിത് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രാജേഷ് മൊഹന്തി, സൗമ്യ ലെങ്ക എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ആറിന് 245 എന്ന നിലയാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. വൈകാതെ അസറുദ്ദീന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 11 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കേരള വിക്കറ്റ് കീപ്പറുടെ ഇന്നിംഗ്്‌സ്. ആദിത്യ സര്‍വാതെ (53), അഭിജിത് പ്രവീണ്‍ ്(14), വൈശാക് ചന്ദ്രന്‍ (1), നിധീഷ് എം ഡി (15) എന്നിവരുടെ വിക്കറ്റുകളും കേരളത്തിന് ഇന്ന് നഷ്ടമായി. ഇന്നലെ സച്ചിന്‍ ബേബിയുടെയും അസറുദ്ദീന്റെയും മികവിലാണ് കേരളം തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ശക്തമായി തിരിച്ചുവന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 18 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
അക്കൗണ്ട് തുറക്കാതെ മടങ്ങിയ അഭിഷേക് പി നായരാണ് ആദ്യം പുറത്തായത്. തുടര്‍ന്നെത്തിയ ജലജ് സക്സേനയും പൂജ്യത്തിന് മടങ്ങി. 11 റണ്‍സെടുത്ത അഭിഷേക് ജെ നായരുടെ വിക്കറ്റ് കൂടി നഷ്ടമായി തകര്‍ച്ചയെ അഭിമുഖീകരിച്ച കേരളത്തെ സച്ചിന്‍ ബേബിയും ക്യാപ്റ്റന്‍ വിഷ്ണു വിനോദും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 റണ്‍സെടുത്ത വിഷ്ണു വിനോദ് സൗമ്യ രഞ്ജന്റെ പന്തില്‍ പുറത്തായി. തുടര്‍ന്നെത്തിയ സല്‍മാന്‍ നിസാര്‍ (21) ബാദല്‍ ബിസ്വാളിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ അഞ്ച് വിക്കറ്റിന് 101 റണ്‍സെന്ന നിലയിലായിരുന്നു കേരളം.
തുടര്‍ന്ന് സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്ത് പകര്‍ന്നത്. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചായയ്ക്ക് ശേഷം കളി പുനരാരംഭിച്ച് വൈകാതെ തന്നെ സച്ചിന്‍ ബേബി തന്റെ സെഞ്ച്വറി തികച്ചു. ലളിത് യാദവിന്റെ പന്തില്‍ സിംഗിളെടുത്താണ് സച്ചിന്‍ തന്റെ 16-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ ആദ്യ ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍ത്തെ ഓവറിലാണ് സച്ചിന്‍ ബേബിയുടെ വിക്കറ്റ് നഷ്ടമായത്. 11 ബൗണ്ടറികളും ഒരു സിക്സുമടക്കം 112 റണ്‍സെടുത്താണ് സച്ചിന്‍ മടങ്ങിയത്.

