കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക ശേഷം പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍. കാന്‍ബറയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടി. ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ പുറത്താവാതെ 62), ക്യാപ്റ്റന്‍ ബാബര്‍ അസം (38 പന്തില്‍ 50) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന് തുണയായത്. ആഷ്ടണ്‍ അഗര്‍ ഓസീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. 

ഫഖര്‍ സമാന്‍ (2), ഹാരിസ് സൊഹൈല്‍ (6), മുഹമ്മദ് റിസ്‌വാന്‍ (14), ആസിഫ് അലി (4), ഇമാദ് വസിം (11) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. വഹാബ് റിയാസ് (0) പുറത്താവാതെ നിന്നു. ഒരുഘട്ടത്തില്‍ 11.2 ഓവറില്‍ നാലിന് 70 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ഇഫ്തിര്‍ പുറത്തെടുത്ത പ്രകടനം പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഇഫ്തിഖറിന്റെ പ്രകനടം. 

പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചിരുന്നു.