Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് ബാറ്റിംഗ് ഇതിഹാസം ഗ്രഹാം തോര്‍പ്പിന്‍റെ മരണം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ

അദ്ദേഹത്തെ സ്നേഹിക്കുന്ന അദ്ദേഹം സ്നേഹിക്കുന്ന ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിട്ടും തോര്‍പ്പിന്‍റെ ചിന്തകള്‍ മാറിയിരുന്നില്ല. സമീപകാലത്ത് അദ്ദേഹം വളരെയേറെ അസ്വസ്ഥനായിരുന്നു.

Graham Thorpe, former England cricketer, died by suicide, says wife Amanda
Author
First Published Aug 12, 2024, 3:23 PM IST | Last Updated Aug 12, 2024, 3:23 PM IST

ലണ്ടന്‍: കഴിഞ്ഞ ആഴ്ച അന്തരിച്ച ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം ഗ്രഹാം തോര്‍പ്പ്(55) ജീവനൊടുക്കിയതാണെന്ന് വെളിപ്പെടുത്തി ഭാര്യ അമാന്‍ഡ. കടുത്ത വിഷാദ രോഗിയായിരുന്ന തോര്‍പ്പ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അമാന്‍ഡ പറഞ്ഞു. താനില്ലാതായാല്‍ കുടുംബമെങ്കിലും സമാധാനത്തോടെ ജീവിക്കുമെന്ന ചിന്തയായിരുന്നു തോര്‍പ്പിനെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ വേര്‍പാട് തങ്ങളുടെ കുടുംബത്തെയാകെ തകര്‍ത്തു കളഞ്ഞുവെന്നും അമാന്‍ഡ ദ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അദ്ദേഹത്തെ സ്നേഹിക്കുന്ന അദ്ദേഹം സ്നേഹിക്കുന്ന ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിട്ടും തോര്‍പ്പിന്‍റെ ചിന്തകള്‍ മാറിയിരുന്നില്ല. സമീപകാലത്ത് അദ്ദേഹം വളരെയേറെ അസ്വസ്ഥനായിരുന്നു. താനില്ലാതായാല്‍ അത് കുടുംബത്തിന് സമാധാനം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. എന്നാൽ സ്വയം ജിവനൊടുക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം ഞങ്ങളെ തകര്‍ത്തു കളഞ്ഞു-അമാന്‍ഡ പറഞ്ഞു.

അവനെവിടെപ്പോയി, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ആവേശ് ഖാനെ ഒഴിവാക്കിയതിനെക്കുറിച്ച് ആകാശ് ചോപ്ര

2022ലും തോര്‍പ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും അമാന്‍ഡ പറഞ്ഞു. 2022 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്‍റെ പരിശീലകനായി തോര്‍പ്പിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്‍മാറി. പിന്നാലെ മെയ് മാസത്തില്‍ അദ്ദേഹം ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കടുത്ത വിഷാദരോഗം അദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് അമാന്‍ഡ പറഞ്ഞു. അതാണ് 2022ല്‍ അത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് കുറച്ചു കാലം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നു. കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നു. അദ്ദേഹവും പലവിധ ചികിത്സകളും നടത്തി നോക്കി. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതൊന്നും ഫലം കണ്ടില്ലെന്നും അമാന്‍ഡ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച അന്തരിച്ച ഗ്രഹാം തോര്‍പ്പിന്‍റെ മരണകാരണം ആദ്യമായാണ് പുറം ലോകമറിയുന്നത്. 1993 മുതല്‍ 2005വരെ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് കളിച്ചിട്ടുണ്ട്. 1993ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു തോര്‍പ്പ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഓസ്ട്രേലിയക്കെതിരെ ആഷസ് പരമ്പരയിലൂടെ ടെസ്റ്റില്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങിയ തോര്‍പ്പ് രണ്ടാം ഇന്നിംഗ്സിസ്‍ സെഞ്ചുറി(114) നേടിയാണ് വരവറിയിച്ചത്. പിന്നീട് ഓപ്പണറായി തിളങ്ങിയ തോര്‍പ്പ് ടെസ്റ്റില്‍16 സെഞ്ചുറി ഉള്‍പ്പെടെ 6744 റണ്‍സടിച്ചു. ന്യൂസിലന്‍ഡിനെതിരെ നേടിയ 200 റണ്‍സാണ് മികച്ച സ്കോര്‍. 2001ലലും 2002ലും ശ്രീലങ്കയിലും പാകിസ്ഥാനിലും ടെസ്റ്റ് പരമ്പര നേടുന്നതില്‍ സെഞ്ചുറികളുമായി നിര്‍ണായക പങ്കുവഹിച്ചതാണ് തോര്‍പ്പിന്‍റെ കരിയറിലെ വലിയ നേട്ടം.

പാരീസ് കണ്ണടച്ചു, ഇനി ലോസാഞ്ചല്‍സിൽ; ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടെ പുതുതായി അരങ്ങേറുന്ന 5 മത്സരയിനങ്ങൾ

ഏകദിനത്തില്‍ 77 ഇന്നിംഗ്സില്‍ 2380 റണ്‍സ് നേടിയിട്ടുള്ള തോര്‍പ്പ് 21 അര്‍ധസെഞ്ചുറികളും സ്വന്തമാക്കി. 1996ലെയും 1999ലെയും ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17 വര്‍ഷക്കാലം സറേയുടെ വിശ്വസ്ത ബാറ്ററായിരുന്നു തോര്‍പ്പ്. സറേക്കായി 271 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 20000ത്തോളം റണ്‍സും നേടി. വിരമിച്ചശേഷം 2010ല്‍ ഇംഗ്ലണ്ട് ടീമിന്‍റെ ബാറ്റിംഗ് കോച്ചായും അസിസ്റ്റന്‍റ് കോച്ചായും തോര്‍പ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022ലെ ആഷസില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് 4-0ന്‍റെ തോല്‍വി വഴങ്ങിയതോടെയാണ് തോര്‍പ്പ് ബാറ്റിംഗ് കോച്ച് സ്ഥാനത്തു നിന്ന് പടിയറങ്ങിയത്. കഴിഞ്ഞ മെയിൽ തോര്‍പ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ തോര്‍പ്പിന്‍റെ പേരുള്ള ജേഴ്സിയും തൊപ്പിയും ധരിച്ച് കളിക്കാനിറങ്ങിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios