മൂറാണ് താരം, ആന്‍ഡമാന്‍കാരുടെ ക്രിക്കറ്റ് കളരിയായി പാലാ; കടല്‍ കടന്നെത്തിയവരില്‍ സംരക്ഷിത ഗോത്രവിഭാഗക്കാരനും
ലോകത്ത് അവശേഷിക്കുന്ന 64 ഗ്രേറ്റ് ആൻഡമാനീസ് ഗോത്രവിഭാഗക്കാരില്‍ ഒരാള്‍, ആന്‍ഡമാനില്‍ നിന്ന് ക്രിക്കറ്റ് പഠിക്കാന്‍ മൂര്‍ പാലായില്‍

പാലാ: ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പരിമിതികളെ മറികടന്ന് അങ്ങ് ആൻഡമാനിൽ നിന്ന് ക്രിക്കറ്റ് കളി പഠിക്കാൻ പാലായിലെത്തി കുറച്ച് ചെറുപ്പക്കാര്‍. സർക്കാരിന്‍റെ സംരക്ഷിത ഗോത്രവിഭാഗ പട്ടികയിൽ ഉൾപ്പെട്ട ആദിവാസി സമൂഹത്തിൽ നിന്നുള്ള യുവാവാണ് കൂട്ടത്തിലെ താരം.
ആൻഡമാനിൽ നിന്ന് പാലായിലെ സെന്‍റ് തോമസ് ക്രിക്കറ്റ് അക്കാദമിയിലേക്കാണ് കളി പഠിക്കാന്‍ കുട്ടികളെത്തിയത്. ആൻഡമാന്‍ നിക്കോബാര്‍ എന്ന വിദൂര ദ്വീപ് സമൂഹത്തില്‍ നിന്ന് കേരളത്തിലേക്ക് ക്രിക്കറ്റ് പഠിക്കാൻ കുട്ടികൾ എത്തുന്നതുതന്നെ പ്രത്യേകതയുള്ള കാര്യമാണ്. അതിനേക്കാള്‍ പ്രത്യേകതയുണ്ട് ഈ കുട്ടി ക്രിക്കറ്റ് താരങ്ങളിലൊരാള്‍ക്ക്. ആൻഡമാനിലെ സംരക്ഷിത ഗോത്രവിഭാഗമായ ഗ്രേറ്റ് ആൻഡമാനീസ് വിഭാഗക്കാരനായ പതിനെട്ട് വയസുകാരൻ മൂര്‍ ആണിത്. മൂർ ഉൾപ്പെടെ ആകെ 64 പേർ മാത്രമാണ് ഗ്രേറ്റ് ആൻഡമാനീസ് എന്ന സംരക്ഷിത ഗോത്രവിഭാഗക്കാരായി ഇന്ന് ഈ ലോകത്ത് അവശേഷിക്കുന്നത് എന്നറിയുമ്പോഴാണ് ഈ ചെറുപ്പക്കാരന്‍റെ ക്രിക്കറ്റ് പരിശീലനത്തിനും കേരളത്തിലേക്കുള്ള വരവിനുമെല്ലാം പ്രാധാന്യം കൂടുന്നത്.
സംരക്ഷിത ഗോത്രവിഭാഗത്തിലുള്‍പ്പെട്ട വിദ്യാര്‍ഥിയായത് കൊണ്ടുതന്നെ പ്രത്യേക സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മൂറിന്‍റെ കേരളത്തിലേക്കുളള വരവ്. മൂറിന്‍റെ സഹായത്തിനും സുരക്ഷയ്ക്കുമായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മുഴുവന്‍ സമയത്തേക്കും ഒപ്പം അയച്ചിട്ടുണ്ട് ആന്‍ഡമാന്‍ ഭരണകൂടം. പാലായിലേക്ക് വന്നപ്പോഴുണ്ടായിരുന്ന അപരിചിതത്വമൊക്കെ മൂറിന് മാറിത്തുടങ്ങി. നാമമാത്രമായ അംഗസംഖ്യയുളള ആന്‍ഡമാനിലെ അനേകം ഗോത്രവിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ യുവാക്കള്‍ മുഖ്യധാരയിലേക്ക് വരാന്‍ തനിക്കുകിട്ടിയ അവസരം പ്രചോദനമാകുമെന്ന പ്രതീക്ഷ ഈ പത്താം ക്ലാസ് വിദ്യാര്‍ഥി പങ്കുവയ്ക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എം എസ് ധോണിയാണ് മൂറിന്‍റെ ഇഷ്ടതാരം. ധോണിയെ പോലൊരിക്കല്‍ ഇന്ത്യയ്ക്കായി കളിക്കുമെന്ന സ്വപ്നത്തിലേക്ക് മൂര്‍ ബാറ്റില്‍ നിന്ന് പന്ത് പായിക്കുകയാണ്.
Read more: അച്ഛന്‍റെ വഴിയേ മകന്‍; സമിത് ദ്രാവിഡ് ആദ്യമായി അണ്ടര്‍ 19 ടീമില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം