ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ - കൃഷ്ണ പ്രസാദ് സഖ്യം 133 റണ്‍സ് ചേര്‍ത്തു. ക്യാപ്റ്റന്റെ ഇന്നിംഗ്‌സായിരുന്നു രോഹന്‍റേത്.

ഗുവാഹത്തി: രഞ്ജി ട്രോഫിയില്‍ അസമിനെതിരെ കേരളത്തിന് മികച്ച തുടക്കം. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം ദിവസം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തിട്ടുണ്ട് കേരളം. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ (95 പന്തില്‍ 83) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. കൃഷ്ണ പ്രസാദ് (52), രോഹന്‍ പ്രേം (4) എന്നിവരാണ് ക്രീസില്‍. സിദ്ധാര്‍ത്ഥ് ശര്‍മയാണ് വിക്കറ്റ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ - കൃഷ്ണ പ്രസാദ് സഖ്യം 133 റണ്‍സ് ചേര്‍ത്തു. ക്യാപ്റ്റന്റെ ഇന്നിംഗ്‌സായിരുന്നു രോഹന്‍റേത്. അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് രോഹന്‍ ക്യാപ്റ്റനാവുന്നത്. പുതിയ ഉത്തരവാദിത്തം താരം ഭംഗിയായി നിറവേറ്റി. 95 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികളും നേടി. ഒന്നാം ദിനം മത്സരം കളി നിര്‍ത്തുന്നതിന് മുമ്പാണ് രോഹന്‍ പുറത്താവുന്നത്.

ഇതിനിടെ കൃഷ്ണ പ്രസാദ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 104 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ടോസ് നേടിയ അസം ക്യാപ്റ്റന്‍ റിയാന്‍ പരാഗ് കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വെളിച്ചക്കുറവിനെ തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ അസം പരാജയപ്പെട്ടിരുന്നു. കേരളം ഉത്തര്‍പ്രദേശിനെതിരെ സമനില പിടിച്ചു.

കേരളം: രോഹന്‍ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, വിശ്വേഷര്‍ എ സുരേഷ്, ജലജ് സക്സേന, ശ്രേയസ് ഗോപാല്‍, ബേസില്‍ തമ്പി, അക്ഷയ് ചന്ദ്രന്‍, എം ഡി നിതീഷ്.

സൂര്യകുമാര്‍ യാദവിന്റെ പരിക്കും മുംബൈ ഇന്ത്യന്‍സിന്റെ ശക്തി ചോര്‍ത്തുന്നു! വരാനിരിക്കുന്നത് കനത്ത തിരിച്ചടി