176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പന്തില്‍ തന്നെ അടിതെറ്റി. അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ ക്വിന്‍റൻ ഡി കോക്ക് പൂജ്യനായി മടങ്ങി.
കട്ടക്ക്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ വെറും 74 റണ്‍സിന് ഓള്‍ ഔട്ടായി. 22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.14 റണ്‍സ് വീതമെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗും ജസ്പ്രീത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 25 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്കോററായ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച മുള്ളന്‍പൂരില്‍ നടക്കും. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 175-6, ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74ന് ഓള്‍ ഔട്ട്.
176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പന്തില്‍ തന്നെ അടിതെറ്റി. അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ ക്വിന്‍റൻ ഡി കോക്ക് പൂജ്യനായി മടങ്ങി. ഏയ്ഡന്‍ മാര്‍ക്രവും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്ന് പിടിച്ചു നില്‍ക്കുമെന്ന് കരുതിയെങ്കിലും സ്റ്റബ്സിനെയും അര്‍ഷ്ദീപ് മടക്കി. പിന്നീട് ഡെവാള്‍ഡ് ബ്രെവിസും മാര്‍ക്രവും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 40 റണ്‍സിലെത്തിച്ചെങ്കിലും മാര്‍ക്രത്തെ വീഴ്ത്തി അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. 14 പന്തില്‍ 22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസിനെ ബുമ്രയും ഡേവിഡ് മില്ലറെ(1) ഹാർദ്ദിക് പാണ്ഡ്യയും മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ നടുവൊടിഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയുടെ ഊഴമായിരുന്നു പിന്നീട്. ഡൊണോവന്‍ ഫെരേരയും(5), മാര്‍ക്കോ യാന്‍സനും(12) ചക്രവര്‍ത്തിക്ക് മുന്നില്‍ വീണു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. 34 റണ്‍സെടുത്തുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കക്ക് അവസാന എട്ട് വിക്കറ്റുകള്‍ നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 28 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 26 റണ്‍സെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ 23ഉം അഭിഷേക് ശര്‍മ 17ഉം റണ്‍സെടുത്തു. 12 റണ്‍സെടുത്ത ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും 4 റണ്‍സെടുത്ത വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും നിരാശപ്പെടുത്തി. ദക്ഷണാഫ്രിക്കക്കായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.


