കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നുവെന്നുള്ളതാണ് പ്രധാനകാര്യം. ന്യൂസിലന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ഇന്ത്യയില്‍ പര്യടനത്തിനെത്തുക.

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പുറത്തുവിട്ട് ബിസിസിഐ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നുവെന്നുള്ളതാണ് പ്രധാനകാര്യം. ന്യൂസിലന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ഇന്ത്യയില്‍ പര്യടനത്തിനെത്തുക. മൊത്തം 13 ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക.

ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം സീസണ് തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 17ന് ജയ്പൂരിലാണ് ആദ്യ മത്സരം. 19ന് റാഞ്ചിയില്‍ രണ്ടാം ടി20യും 21 കൊല്‍ക്കത്തയില്‍ മൂന്നാം ടി20 മത്സരവും നടക്കും. പിന്നാലെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയും കളിക്കും. 25ന് കാണ്‍പൂരിലും ഡിസംബര്‍ മൂന്നിന് മുംബൈയിലുമാണ് ടെസ്റ്റ്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതില്‍ 2022 ഫെബ്രുവരി 20 നടക്കുന്ന അവസാന ടി20 മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകും. ആദ്യ ടി20 ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ടി20 18ന് വിശാഖപട്ടണത്തും നടക്കും. അതിന് മുന്ന് മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരും കളിക്കും. അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12) എന്നീ നഗരങ്ങള്‍ വേദിയാവും.

ഫെബ്രുവരിയില്‍ ശ്രീലങ്കയും ഇന്ത്യന്‍ പര്യടനത്തിനെത്തും. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ശ്രീലങ്ക കളിക്കുക. ഫെബ്രുവരി 25ന് ബംഗളൂരുവിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് അഞ്ച് മുതല്‍ മൊഹാലിയില്‍ നടക്കും. ഈ 13ന് ആദ്യ ടി20യ്ക്കും മൊഹാലി വേദിയാകും. രണ്ടാം ടി20 ധര്‍മശാലയിലും (മാര്‍ച്ച് 15), മൂന്നാം ടി20 ലഖ്‌നൗ (മാര്‍ച്ച് 18)വിലും നടക്കും.

ജൂണ്‍ ഒമ്പതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കും. ചെന്നൈയിലാണ് ആദ്യ മത്സരം. ബംഗളൂരു (ജൂണ്‍ 12), നാഗ്പൂര്‍ (ജൂണ്‍ 14), രാജ്‌കോട്ട് (ജൂണ്‍ 15), ദില്ലി (ജൂണ്‍ 19) എന്നിവിടങ്ങളിലാണ് മറ്റു ടി20 മത്സരങ്ങള്‍ നടക്കുക.