കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. റണ്ണൊഴുകുന്ന ആറ് പിച്ചുകളാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആതിഥ്യം വഹിക്കാന്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ചുകള്‍ ഒരുങ്ങിക്കഴിഞ്ഞു. മുന്‍ സീസണുകളെപ്പോലെ റണ്ണൊഴുകുന്ന പിച്ചുകളായിരിക്കും ഇത്തവണത്തേതുമെന്ന് ക്യൂറേറ്ററായ എ. എം. ബിജു പറഞ്ഞു. പിച്ചുകളുടെ നിര്‍മ്മാണത്തോടൊപ്പം തന്നെ ഔട്ട്ഫീല്‍ഡിന്റെ ജോലികളും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.

കെ.സി.എല്ലിന് തൊട്ടുപിന്നാലെ ഏതാനും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നുണ്ട്. ഇത് മുന്നില്‍ക്കണ്ട് രണ്ടര മാസത്തോളം മുന്‍പ് തുടങ്ങിയ ജോലികളാണ് ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഇനി അവസാനഘട്ട റോളിംഗ് മാത്രമാണ് ബാക്കിയുള്ളത്. കെ.സി.എല്ലിനായി അഞ്ച് പിച്ചുകളായിരുന്നു കഴിഞ്ഞ തവണ തയ്യാറാക്കിയതെങ്കില്‍ ഇത്തവണ ആറ് പിച്ചുകളുണ്ട്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ദിവസവും രണ്ട് മത്സരങ്ങള്‍ വീതം ഉള്ളതിനാല്‍, പിച്ചുകളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണിത്. ഇതില്‍ മാറിമാറിയായിരിക്കും മത്സരങ്ങള്‍ നടത്തുക. ഇതുകൂടാതെ പരിശീലനത്തിനായി മൂന്ന് പിച്ചുകളും രണ്ട് ആസ്‌ട്രോ ടര്‍ഫ് വിക്കറ്റുകളും വേറെയുമുണ്ട്.

കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പ്രത്യേകമായി എത്തിച്ച ഗുണനിലവാരമുള്ള മണ്ണുപയോഗിച്ചാണ് പ്രധാന പിച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പരുത്തിക്കൃഷിക്ക് അനുയോജ്യമായ, ഈര്‍പ്പം നിലനിര്‍ത്തുന്ന മണ്ണാണ് ഇവിടത്തേത്. ഇത് മികച്ച ബൗണ്‍സ് ഉറപ്പാക്കുകയും പിച്ച് സ്ലോ ആകാതെ നോക്കുകയും ചെയ്യും. ആദ്യ സീസണില്‍ കേവലം മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് സ്‌കോര്‍ 200 കടന്നതെങ്കില്‍, കഴിഞ്ഞ വര്‍ഷം ഏഴ് മത്സരങ്ങളില്‍ 200-ന് മുകളില്‍ സ്‌കോര്‍ പിറന്നിരുന്നു. രണ്ടു സീസണിലും 200-ന് മുകളിലുള്ള കൂറ്റന്‍ ലക്ഷ്യങ്ങള്‍ ടീമുകള്‍ വിജയകരമായി പിന്തുടരുകയും ചെയ്തു. ഇതിന് സമാനമായ റണ്ണൊഴുകുന്ന ആവേശകരമായ മത്സരങ്ങള്‍ക്കായിരിക്കും ഈ സീസണും സാക്ഷ്യം വഹിക്കുകയെന്ന് ക്യൂറേറ്റര്‍ ബിജു പറഞ്ഞു. ട്വന്റി-20യുടെ ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത വിധമാണ് വിക്കറ്റുകള്‍ ഒരുക്കിയിട്ടുള്ളതെന്നും ബിജു അറിയിച്ചു.

മത്സരത്തിനിടയില്‍ മഴ വില്ലനായെത്തിയാല്‍ പോലും ക്രിക്കറ്റ് പ്രേമികള്‍ നിരാശരാകേണ്ടതില്ല; പെയ്തു തോര്‍ന്ന് വെറും അരമണിക്കൂറിനുള്ളില്‍ കളി പുനരാരംഭിക്കാന്‍ ശേഷിയുള്ള അത്യാധുനിക ഡ്രെയിനേജ് സംവിധാനമാണ് ഗ്രീന്‍ഫീല്‍ഡില്‍ സജ്ജമാക്കിയിരിക്കുന്നത്. ക്യൂറേറ്ററായ ബിജുവിന്റെ നേതൃത്വത്തില്‍ 25 പേരോളം അടങ്ങുന്ന സംഘമാണ് പിച്ചിന്റെയും ഔട്ട്ഫീല്‍ഡിന്റെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി കെ.സി.എയുടെ വിശ്വസ്തനായ ക്യൂറേറ്ററാണ് എ. എം. ബിജു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിച്ചുകളായിരുന്നു ബിജു ആദ്യം ഒരുക്കിയത്. തുടര്‍ന്ന് ഗ്രീന്‍ഫീല്‍ഡിലെയും തുമ്പയിലെയും മംഗലപുരത്തെയുമടക്കം കേരളത്തിലുടനീളമുള്ള സ്റ്റേഡിയങ്ങളിലെ പിച്ചുകള്‍ ഒരുക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതും ബിജു തന്നെയാണ്.

ബാറ്റും പന്തും തമ്മിലുള്ള ആവേശപ്പോരാട്ടത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പൂര്‍ണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. ട്വന്റി-20 ക്രിക്കറ്റിന്റെ യഥാര്‍ത്ഥ ആവേശം വാനോളമുയര്‍ത്തുന്ന പോരാട്ടങ്ങള്‍ക്കായിരിക്കും വരും ദിവസങ്ങളില്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

YouTube video player