ലക്‌നൗ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം, ജോസ് ബട്‌ലറുടെയും (60) ശുഭ്മാന്‍ ഗില്ലിന്റെയും (56) അർദ്ധസെഞ്ച്വറികളുടെ മികവിൽ ഗുജറാത്ത് 18.4 ഓവറില്‍ മറികടന്നു.

ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജോസ് ബട്‌ലര്‍ (37 പന്തില്‍ 60), ശുഭ്മാന്‍ ഗില്‍ (40 പന്തില്‍ 56) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഗുജറാത്തിന് സായ് സുദര്‍ശന്റെ (15) വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായി. പിന്നീട് ഗില്‍ - ബട്‌ലര്‍ സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ അടുത്തടുത്ത ഓവറുകില്‍ ഇരുവരും പുറത്തായി. ഒരു സിക്‌സും ആറ് ഫോറും നേടിയ ഗില്ലിനെ പ്രിന്‍സ് യാദവ് മടക്കി. 16-ാം ഓവറില്‍ ബട്‌ലറെ, മുഹമ്മദ് ഷമിയേയും മടക്കി. 37 പന്തുകള്‍ നേരിട്ട ബട്‌ലര്‍ 11 ഫോറുകള്‍ നേടി. ഇരുവരും മടങ്ങിയെങ്കിലും വാഷിംഗ്ടണ്‍ സുന്ദര്‍ (13 പന്തില്‍ 21), രാഹുല്‍ തെവാട്ടിയ (8 പന്തില്‍ 19) എന്നിവര്‍ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ലക്‌നൗ നിരയില്‍ ആര്‍ക്കും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ സാധിക്കന്‍ കഴിഞ്ഞിരുന്നില്ല. 21 പന്തില്‍ 30 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. പിന്നീട് ആര്‍ക്കും 20 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചിരുന്നില്ല. നിക്കോളാസ് പുരാന്‍ (19), റിഷഭ് പന്ത് (18), അബ്ദുള്‍ സമദ് (18), മുകുല്‍ ചൗധരി (18), ജോര്‍ജ് ലിന്‍ഡെ (16), മിച്ചല്‍ മാര്‍ഷ് (11), ആയുഷ് ബദോനി (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് ഷമി (5 പന്തില്‍ 12), ആവേഷ് ഖാന്‍ (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന് വേണ്ടി നാല് വിക്കറ്റ് നേടി. അശോക് ശര്‍മയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

YouTube video player