ഐപിഎല്‍ വിജയത്തിന് ശേഷം ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പഞ്ചാബ് കിംഗ്‌സിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. പഞ്ചാബിന്റെ ശൈലി അനുകരിച്ചുള്ള ചിത്രമാണ് ഗില്‍ പങ്കുവെച്ചത്. 

അഹമ്മദാബാദ്: ഐപിഎല്‍ 2026ല്‍ പഞ്ചാബ് കിംഗ്‌സിനെതിരെയുള്ള ആവേശകരമായ വിജയത്തിന് പിന്നാലെ, ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കളിക്കളത്തിലെ പ്രകടനത്തേക്കാള്‍ ഉപരിയായി, ഗില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയം. വിജയത്തിന് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദര്‍, സായ് സുദര്‍ശന്‍ എന്നിവര്‍ക്കൊപ്പം പഞ്ചാബ് കിംഗ്‌സിന്റെ സവിശേഷമായ ഒരു ശൈലി അനുകരിച്ചുകൊണ്ടുള്ള ചിത്രം ഗില്‍ പങ്കുവെച്ചു.

Add Asianetnews as a Preferred SourcegooglePreferred

'ജയിക്കണം, വരട്ടെ' എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തത്. സീസണിലുടനീളം വലിയ ടീമുകളെ തോല്‍പ്പിച്ച ശേഷം അവരുടെ തന്നെ അടയാളങ്ങള്‍ ഉപയോഗിച്ച് ഗില്‍ നടത്തുന്ന പരിഹാസങ്ങള്‍ ശ്രദ്ധേയമാണ്: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ചെപ്പോക്കിലെ വിജയത്തിന് ശേഷം സിഎസ്‌കെയുടെ അടയാളമായ മഞ്ഞ വിസില്‍ ഊതിക്കൊണ്ടുള്ള ചിത്രം ഗില്‍ പോസ്റ്റ് ചെയ്തിരുന്നു. 'നന്ദി ചെന്നൈ' എന്നായിരുന്നു ഇതിന്റെ ക്യാപ്ഷന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയ ശേഷം വിരാട് കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ഗില്‍, ആര്‍.സി.ബി.യുടെ മുദ്രാവാക്യമായ 'പ്ലേ ബോള്‍ഡ്' എന്ന വാചകം ഉപയോഗിച്ച് അവരെ ഒന്ന് കൂടി പ്രകോപിപ്പിച്ചു.

ഗില്ലിന്റെ ഈ നീക്കങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കിയിട്ടുണ്ട്. ഒരു വിഭാഗം ഗില്ലിന്റെ തമാശകളെ ആസ്വദിക്കുമ്പോള്‍, മറ്റു ചിലര്‍ ഇത് അതിരുകടന്നതാണെന്ന് അഭിപ്രായപ്പെടുന്നു. അഹമ്മദാബാദില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് വിജയം പിടിച്ചെടുത്തത്. പഞ്ചാബ് കിങ്സ്: 163/9 (20 ഓവര്‍). തുടക്കത്തില്‍ തകര്‍ന്ന പഞ്ചാബിനെ സൂര്യന്‍ഷ് ഷെഡ്ഗെ (57), മാര്‍ക്കസ് സ്റ്റോയിനിസ് (40) എന്നിവരാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഗുജറാത്തിനായി ജേസണ്‍ ഹോള്‍ഡര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി.

ഗുജറാത്ത് ടൈറ്റന്‍സ്: 167/6 (19.5 ഓവര്‍). സായ് സുദര്‍ശന്റെ (57) ഇന്നിങ്സ് ഗുജറാത്തിന് അടിത്തറയിട്ടു. അവസാന ഓവറുകളില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് (23 പന്തില്‍ പുറത്താകാതെ 40 റണ്‍സ്) ടീമിനെ വിജയതീരത്തെത്തിച്ചത്. വിജയം അത്ര അനായാസമായിരുന്നില്ലെങ്കിലും, പോയിന്റ് പട്ടികയില്‍ മുന്നിലുള്ള പഞ്ചാബിനെ തളയ്ക്കാനായതിന്റെ ആവേശത്തിലാണ് ഗുജറാത്ത് ക്യാമ്പും ആരാധകരും.

YouTube video player