Asianet News MalayalamAsianet News Malayalam

IPL 2022 : വേഗമില്ലാതെ കോലി, മാക്‌സിയും പടിദാറും കരകയറ്റി; ഗുജറാത്തിനെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട സ്‌കോര്‍

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രദീപ് സാംഗ്‌വാനാണ് ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങിയത്. ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. മഹിപാല്‍ ലോംറോര്‍ ടീമിലെത്തി. സുയഷ് പ്രഭുദേശായ് പുറത്തായി.

gujarat titans need 171 runs to win against rcb
Author
Mumbai, First Published Apr 30, 2022, 5:24 PM IST

മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ലയണ്‍സിന് 171 റണ്‍സ് വിജയക്ഷ്യം. ടോസ് നേടി ബാറ്റിംിഗിന് ഇറങ്ങിയ ബാംഗ്ലൂരിന് വിരാട് കോലി (53 പന്തില്‍ 58), രജത് പടിദാര്‍ (32 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണായത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രദീപ് സാംഗ്‌വാനാണ് ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങിയത്. ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. മഹിപാല്‍ ലോംറോര്‍ ടീമിലെത്തി. സുയഷ് പ്രഭുദേശായ് പുറത്തായി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. യഷ് ദയാലിന് പകരം പ്രദീപ് സാംഗ്‌വാന്‍ ടീമിലെത്തി. അഭിനവ് മനോഹറും പുറത്തായി. സായ് സുദര്‍ശനാണ് പകരക്കാരന്‍. 

മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (0) മടങ്ങി. സാംഗ്‌വാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ കോലി- പടിദാര്‍ നേടിയ 99 റണ്‍സാണ്് ബാംഗ്ലൂരിന് തുണയായത്. ഇതിനിടെ കോലിക്ക് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതിരുന്നതും വിനയായി. 53 പന്തില്‍ ആറ് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. 

അര്‍ധ സെഞ്ചുറി തികച്ച ഉടനെ പടിദാര്‍ മടങ്ങി. സാംഗ്‌വാനായിരുന്നു വിക്കറ്റ്. വൈകാതെ കോലി, മുഹമ്മദ് ഷമിയുടെ പന്തില്‍ ബൗള്‍ഡായി. എന്നാല്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് ആര്‍സിബിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 18 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 33 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. ലോക്കി ഫെര്‍ഗൂസണ് വിക്കറ്റ് നല്‍കി താരം മടങ്ങി. ദിനേശ് കാര്‍ത്തിക് (2), മഹിപാല്‍ ലോംറോര്‍ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷഹ്ബാസ് അഹമ്മദ് (2) പുറത്താവാതെ നിന്നു.

പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്താനുള്ള ശ്രമമാണ് ആര്‍സിബി (RCB) നടത്തുക. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഒമ്പത് മത്സരങ്ങളില്‍ പത്ത് പോയിന്റാണ് ആര്‍സിബിക്കുള്ളത്. എട്ട് മത്സരങ്ങളില്‍ 14 പോയിന്റുള്ള ഗുജറാത്ത് (Gujarat Titans) ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് ജയിച്ചാല്‍ ഹാര്‍ദിക്കിനും സംഘത്തിനും പ്ലേഓഫിനോട് ഒരു പടി കൂടി അടുക്കാം.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, പ്രദീപ് സാംഗ്‌വാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അഹമ്മദ്, മഹിപാല്‍ ലോംറോര്‍, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്. 

Follow Us:
Download App:
  • android
  • ios