ഹൈദരാബാദ്: ഇന്ത്യന്‍ ടെസ്റ്റ് താരം ഹനുമ വിഹാരി കൗണ്ടി ക്രിക്കറ്റിലേക്ക്. ഇന്ത്യക്ക് വേണ്ടി ഓവര്‍സീസ് ഗ്രൗണ്ടുകളില്‍ പുറത്തെടുക്കുന്ന മികച്ച പ്രകടനമാണ് കൗണ്ടി ടീം മാനേജ്‌മെന്റിനെ ആകര്‍ഷിച്ചത്. എന്നാല്‍ ഏത് ടീമിന് വേണ്ടിയാണ് കളിക്കുകയെന്നുള്ള കാര്യം വിഹാരി വ്യക്തമാക്കിയിട്ടില്ല. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സീസണ്‍ വൈകാനാണ് സാധ്യത. അതുകൊണ്ട് കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ടീമനെ കുറിച്ചുള്ള പുറത്തുവിടാമെന്ന് വിഹാരി പറഞ്ഞു.

ഈ വര്‍ഷം ഡിസംബറില്‍ മാത്രമാണ് ഇന്ത്യക്ക് ഇനി ടെസ്റ്റ് മത്സരങ്ങളുള്ളത്. അതുകൊണ്ടുതന്നെ സീസണില്‍ താരത്തിന് കൗണ്ടി ടീമിനായി കളിക്കാന്‍ സാധിച്ചേക്കും. ആദ്യമായിട്ടാണ് താരത്തിന് കൗണ്ടിയില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. ബാറ്റിങ് കൂടുതല്‍ നന്നാക്കാനുള്ള അവസരമാണിതെന്ന് വിഹാരി കൂട്ടിച്ചേര്‍ത്തു.

ഈ അടുത്ത തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ലീഗില്‍ നെല്‍സണ്‍ ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചിരുന്നു താരം. ചെന്നൈയിലായിരുന്നു മത്സരം. ഒരു മത്സരത്തില്‍ പുറത്താവാതെ 202 റണ്‍സ് നേടാനും വിഹാരിക്കായിരുന്നു.