ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം നിര്‍ണായക പങ്കുവഹിച്ചിരുന്നു മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി. ആദ്യ ഇന്നിങ്‌സില്‍ 32 റണ്‍സ് നേടിയ വിഹാരി രണ്ടാം ഇന്നിങ്‌സില്‍ 93 റണ്‍സ് നേടി. ഒന്നാം ഇന്നിങ്‌സില്‍ രഹാനെയ്‌ക്കൊപ്പം 82 റണ്‍സിന്റെയും രണ്ടാം ഇന്നിങ്‌സില്‍ 135 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കാന്‍ വിഹാരിക്ക് സാധിച്ചിച്ചിരുന്നു. ഇന്ത്യക്ക് 318 റണ്‍സിന്റെ വിജയം സമ്മാനിച്ചതും ഇവരുടെ ഇന്നിങ്‌സ് തന്നെ.

മത്സരശേഷം രഹാനെയുമൊത്തുള്ള കൂട്ടുകെട്ടിനെ കുറിച്ച് സംസാരിക്കുകയാണ് വിഹാരി. അദ്ദേഹം തുടര്‍ന്നു... ''രഹാനെയുടെ സാന്നിധ്യം നന്നായി ഗുണം ചെയ്തു. ആദ്യ ഇന്നിങ്‌സിലേത് ഉള്‍പ്പെടെ അദ്ദേഹം ഏറെനേരം ക്രീസിലുണ്ടായിരുന്നു. വിക്കറ്റിന്‍റെ സ്വഭാവം എന്താണെണ് അദ്ദേഹം കൃത്യമായി കാണിച്ചുതന്നു. ഞാന്‍ ഇന്ത്യ എ ടീമിനൊപ്പം ഇവിടെ എത്തിയതാണ്. അതുകൊണ്ട് സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.

പന്തെറിയുന്നത് മികച്ചതാവുന്നുണ്ട്. എനിക്ക് മാത്രമല്ല, ടീമിനും ഇത് ഗുണം ചെയ്യും. ഞാന്‍ ടെസ്റ്റ് കളിക്കാന്‍ യോഗ്യനാവുന്നത് പന്തെറിയുകകൂടി ചെയ്യുമ്പോഴാണ്. എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭാവിയില്‍ ഒരുപാട് ഒാവറുകള്‍ എറിയാന്‍ കഴിയുമെന്നാണ് വിശ്വാസം.'' വിഹാരി പറഞ്ഞുനിര്‍ത്തി.