കിംഗ്സ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറിക്ക് ശേഷം വൈകാരികമായി പ്രതികരിച്ച് ഹനുമ വിഹാരി. വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് വിഹാരി സെഞ്ചുറി നേടിയത്. 225 പന്തില്‍ 16 ഫോറുകള്‍ ഉള്‍പ്പെടെയാണ് വിഹാരി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കരിയറിലെ ആറാം ടെസ്റ്റിലാണ് വിഹാരി സെഞ്ചുറി സ്വന്തമാക്കിയത്.

മരിച്ചുപോയ അച്ഛനെ കുറിച്ചോര്‍ത്താണ് വിഹാരി വികാരാധീനനായത്. അദ്ദേഹം തുടര്‍ന്നു.... ''വൈകാരികമായി ദിവസമാണിന്നെനിക്ക്. 12 വയസുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എന്നെങ്കിലുമൊരിക്കല്‍ സെഞ്ചുറി നേടാനായാല്‍ അത് അച്ഛന് സമര്‍പ്പിക്കുമെന്ന് അന്നേ ഉറപ്പിച്ചതാണ്. എവിടെയാണെങ്കിലും എന്നെ കുറിച്ചോര്‍ത്ത് അച്ഛന്‍ അഭിമാനിക്കുന്നുണ്ടാവും.

തനിക്കൊപ്പം ക്രീസിലുണ്ടായിരുന്ന ഇശാന്ത് ശര്‍മ നല്‍കിയ പിന്തുണ വലുതായിരുന്നു. എന്നേക്കാള്‍ മികച്ച രീതിയല്‍ ഇശാന്ത് കളിച്ചതായി എനിക്ക് തോന്നി. ബൗളര്‍മാരുടെ പദ്ധതികളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇശാന്തിന്റെ പരിചയസമ്പത്തും ഗുണം ചെയ്തു. ''രണ്ടാം ദിനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഹാരി.