മുഷീര്‍ ഒരിക്കല്‍കൂടി അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ചുറി നേടി. സൂപ്പര്‍ സിക്‌സില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് മുഷീര്‍ സെഞ്ചുറി നേടുന്നത്. 131 റണ്‍സാണ് താരം അടിച്ചെടുത്തത്.

ബ്ലോംഫോന്റൈന്‍: ക്രിക്കറ്റിലെ ഖാന്‍ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യങ്ങളാണ് നടക്കുന്നത്. പറഞ്ഞുവരുന്നത് ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാനെ കുറിച്ചും അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ മുഷീര്‍ ഖാനേയും കുറിച്ചാണ്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ചിരുന്നു സര്‍ഫറാസ്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടാനും നേടാനും സര്‍ഫറാസിന് സാധിച്ചിരുന്നു. 160 പന്തില്‍ 161 റണ്‍സടിച്ച സര്‍ഫറാസ് 15 ഫോറും അഞ്ച് സിക്സും പറത്തി.

അന്ന് തന്നെ മുഷീര്‍ ഖാനും സെഞ്ചുറി നേടി. അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് മൂഷീര്‍ സെഞ്ചുറി നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ മുഷീര്‍ 106 പന്തില്‍ 118 റണ്‍സാണ് നേടിയത്. ഇതില്‍ നാല് സിക്സും ഒമ്പത് ഫോറുമുണ്ടായിരുന്നു. എന്തായാലും അന്നത്തെ ദിവസം ക്രിക്കറ്റ് ലോകം ആഘോഷിച്ചു. പിന്നാലെ മറ്റൊരു വാര്‍ത്തകൂടി വന്നു. സര്‍ഫറാസ് ഖാന്‍ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്കാണ് സര്‍ഫറാസ് തിരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പലപ്പോഴായി സെലക്റ്റര്‍മാര്‍ താരത്തെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ സര്‍ഫറാസ് ടീമിലെത്തി. 

പിന്നാലെയിതാ ആഘോഷിക്കപ്പെടുന്ന മറ്റൊരു വാര്‍ത്തകൂടി. മുഷീര്‍ ഒരിക്കല്‍കൂടി അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ചുറി നേടി. സൂപ്പര്‍ സിക്‌സില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് മുഷീര്‍ സെഞ്ചുറി നേടുന്നത്. 131 റണ്‍സാണ് താരം അടിച്ചെടുത്തത്. മാത്രമല്ല, ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താനും മുഷീറിനായി. കിവീസിനെതിരായ മത്സരത്തിന് മുമ്പ് മൂന്ന് മത്സരങ്ങളില്‍ 194 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇപ്പോളത് 325 റണ്‍സായി. മൂന്ന് മത്സരങ്ങളില്‍ 223 റണ്‍സ് നേടിയ പാകിസ്ഥാന്‍ താരം ഷഹ്‌സൈബ് ഖാനെയാണ് മുഷീര്‍ പിന്തള്ളിയത്.

അപ്രതീക്ഷിതമായി രാഹുലും പോയി! രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി; സാധ്യതാ ഇലവന്‍