തന്‍റെ ആരോഗ്യ പുരോഗതി റിഷഭ് പന്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുന്നുണ്ട്

ബെംഗളൂരു: കാര്‍ അപകടത്തില്‍ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് വേഗം സുഖംപ്രാപിക്കുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ള റിഷഭിന്‍റെ ആരോഗ്യ പുരോഗതി ഡല്‍ഹി ആന്‍ഡ് ഡിസ്‌ട്രിക്‌ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്‌ടര്‍മാര്‍ വിലയിരുത്തി. ശ്യാം ശര്‍മ്മയും ഹരീഷ് സിംഹ്ലയും റിഷഭിനെ കാണാന്‍ എന്‍സിഎയില്‍ എത്തിയിരുന്നു. 'റിഷഭിന്‍റെ ഫിറ്റ്‌നസ് മെച്ചപ്പെട്ടിട്ടുണ്ട്, അതിനായി താരം കിണഞ്ഞ് പരിശ്രമിക്കുന്നു. റിഷഭിന്‍റെ തിരിച്ചുവരവിന് സമയമെടുക്കും. എങ്കിലും എത്രയും വേഗം മടങ്ങിവരുമെന്ന് പ്രതീക്ഷിക്കാം' എന്നും ശ്യാം ശര്‍മ്മ വ്യക്തമാക്കി. 

തന്‍റെ ആരോഗ്യ പുരോഗതി റിഷഭ് പന്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുന്നുണ്ട്. മെച്ചപ്പെട്ട രീതിയില്‍ നടക്കാന്‍ ഇപ്പോള്‍ താരത്തിനാകുന്നുണ്ട്. റിഷഭ് അതിവേഗം ഫിറ്റ്‌നസിലേക്ക് മടങ്ങിവരുന്നതായാണ് ബിസിസിഐയുടെ വിലയിരുത്തലും. എന്നാല്‍ എപ്പോള്‍ റിഷഭിന് മൈതാനത്തേക്ക് മടങ്ങിവരാനാകും എന്ന് ഇപ്പോഴും വ്യക്തമല്ല. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ റിഷഭിന് കളിക്കാനാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. 

അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇതിന് ശേഷം ബിസിസിഐ നിര്‍ദേശത്തെ തുടര്‍ന്ന് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്ക് റിഷഭിനെ മാറ്റുകയായിരുന്നു. ഇവിടെ വച്ച് ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ താരം വീട്ടിലെ വിശ്രമത്തിനും ഫിസിയോതെറാപ്പിക്കും ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് തുടര്‍ ചികില്‍സകള്‍ക്കും പരിശീലനത്തിനുമായി വരികയായിരുന്നു. 

Read more: സഹായമില്ലാതെ നടത്തം, ടേബിള്‍ ടെന്നീസ്; റിഷഭ് പന്ത് കരുത്തോടെ തിരിച്ചുവരുന്നു- വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News