കൊല്‍ക്കത്ത: എം എസ് ധോണിയെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് സെലക്ടര്‍മാരോട് ആദ്യം നിര്‍ബന്ധിച്ചത് അന്ന് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ്. 2004ലെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലേക്കായിരുന്നു ധോണിയുടെ പേര് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഗാംഗുലി നിര്‍ദേശിച്ചത്. മായങ്ക് അഗര്‍വാളുമൊത്തുള്ള  വീഡ‍ിയോ സംഭാഷണത്തിനിടെ ധോണിയെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരോട് നിര്‍ബന്ധിച്ചതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് ഗാംഗുലി.


അത് ശരിയാണ്, ഞാനാണ് സെലക്ടര്‍മാരോട് ധോണിയെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ, അതെന്റെ ജോലിയാണ്. കാരണം, ഏറ്റവും മികച്ച കളിക്കാരെ ടീമിലെടുക്കുക എന്നത് ക്യാപ്റ്റനെന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്. ചിലസമയത്ത് നമ്മുടെ തോന്നലോ വിശ്വാസമോ ഒക്കെ അനുസരിച്ച് ഒരു കളിക്കാരന്‍ രാജ്യത്തിനായും മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസം തോന്നും. അത്തരമൊരു കളിക്കാരനായിരുന്നു ധോണിയെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ ടീമിന് ധോണിയെപ്പോലൊരു താരത്തെ സമ്മാനിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഗാംഗുലി പറഞ്ഞു. അസാമാന്യ കളിക്കാരനാണ് ധോണി. ധോണിയിലെ ഫിനിഷറെക്കുറിച്ചാണ് എല്ലാവരും എല്ലായ്പ്പോഴും പറയാറുള്ളത്. എന്നാല്‍ ടോപ് ഓര്‍ഡഡറില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ധോണി വിനാശകാരിയായ ബാറ്റ്സ്മാനായി മാറുമായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങി പാക്കിസ്ഥാനെതിരെ 123 പന്തില്‍ 148 റണ്‍സെടുത്ത ധോണിയുടെ ഇന്നിംഗ്സിനെ ഓര്‍മിപ്പിച്ച് ഗാംഗുലി പറഞ്ഞു. ഫിനിഷര്‍ എന്ന നിലയില്‍ മാത്രമല്ല ധോണിയെ വിലയിരുത്തേണ്ടത്.


ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോഴാണ്, ധോണിയെ മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറക്കിയത്. വിശാഖപട്ടണത്ത് നടന്ന പാക്കിസ്ഥാനെതിരായ മത്സരത്തിലായിരുന്നു ധോണി 148 റണ്‍സടിച്ച് തിളങ്ങിയത്. ധോണി ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യണമായിരുന്നു., എങ്കില്‍ അദ്ദേഹം കൂടുതല്‍ വിനാശരകാരിയായ ബാറ്റ്സ്മാനാകുമായിരുന്നു. ഏത് സമ്മര്‍ദ്ദഘട്ടത്തിലും ബൗണ്ടറികള്‍ നേടാന്‍ കഴിയുക എന്നത് മഹാനായ കളിക്കാരന്റെ ലക്ഷണമാണ്. ധോണി അത്തരത്തില്‍ മഹാനായ കളിക്കാരനാണ്-ഗാംഗുലി പറഞ്ഞു.

മൂന്നാം നമ്പറില്‍ ധോണി മിന്നല്‍പ്പിണര്‍

ഗാംഗുലി പറഞ്ഞത് ശരിവെക്കുന്നതാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ള ധോണിയുടെ ബാറ്റിംഗ് ശരാശരി. 16 തവണ ധോണി ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. 82.75 ശരാശരിയില്‍ 993 റണ്‍സാണ് ധോണി നേടിയത്. നാലാം നമ്പറില്‍ ധോണി ബാറ്റ് ചെയ്ത ധോണി 30 ഇന്നിംഗ്സുകളില്‍ നിന്ന് 56.58 ശരാശരിയില്‍ 1358 റണ്‍സടിച്ചു. അഞ്ചാം നമ്പറില്‍ 50.30 ശരാശരിയില്‍ 3169 റണ്‍സ് നേടിയപ്പോള്‍ ഫിനിഷറെന്ന നിലയില്‍ ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ധോണി 129 ഇന്നിംഗ്സുകളില്‍ നിന്ന് 4164 റണ്‍സാണ് നേടിയത്.