മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്രത്തോളം മികച്ച പ്രകടനമൊന്നും ആയിരുന്നില്ല മലയാളി താരം സഞ്ജു സാംസണിന്റേത്. ആദ്യ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി നേടിയ സഞ്ജുവിന് പിന്നീട് അതേ പ്രകടനം പുറത്തെടുക്കാനായില്ല. പിന്നീട് മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം മത്സരത്തില്‍ മറ്റൊരു അര്‍ധ സെഞ്ചുറി കൂടി നേടി. ഇത്രയും മതിയായിരുന്നു താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി20 ടീമില്‍ ഉള്‍പ്പെടുത്താന്‍. സഞ്ജുവിന് ലഭിക്കുന്ന ഏറ്റവും വലിയ അവസരമായി ക്രിക്കറ്റ് ആരാധകര്‍ കരുതി.

എന്നാല്‍ മൂന്ന് ടി20 മത്സരങ്ങളില്‍ അവസരം ലഭിച്ചിട്ടും താരത്തിന് തിളങ്ങാനായില്ല. നിര്‍ണായകമായ നാലാം നമ്പറിലാണ് താരം കളിച്ചത്. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ ഒന്നാകെ 48 റണ്‍സാണ് 26കാരന്‍ നേടിയത്. പരമ്പരയില്‍ പരാജയമായിട്ടും താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഹര്‍ഭജന്റെ വാക്കുകള്‍... ''സഞ്ജുവിന്റെ തുടക്കകാലത്തെ പര്യടനം മാത്രമാണിത്. നാലാം നമ്പറിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. അവന് കഴിവുണ്ടെന്നുള്ള കാര്യം നേരത്തെ തെളിഞ്ഞതാണ്. അവന്റെ തെറ്റുകളെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ കരുത്തരായ താരങ്ങളില്‍ ഒരാളായി അവന്‍ മാറും. ഇന്ത്യയുടെ ഭാവി താരങ്ങളില്‍ ഒരാളാണ് അവനും. 

കരിയറില്‍ തെറ്റ് വരുത്തിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പുരോഗതിയുണ്ടാവുന്നത് ? സഞ്ജു തെറ്റുകള്‍ വരുത്തുന്നു. പക്ഷേ, എനിക്കുറപ്പുണ്ട്, അവന്‍ പഠിക്കും. ഫോമിലേക്ക് തിരിച്ചുവരും. അത്രത്തോളം കഴിവുണ്ട് അവന്. നാലാം നമ്പര്‍ എന്നത് വളരെയേറെ നിര്‍ണായകമായ ബാറ്റിങ് പൊസിഷനാണ്. തിളങ്ങാന്‍ ആയില്ലെങ്കില്‍ ആ സ്ഥാനത്തേക്ക് മറ്റൊരു താരം വരും. ഈ പരമ്പരയില്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത പരമ്പരയില്‍ സ്ഥാനമുറപ്പിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ എടുക്കണം.'' ഹര്‍ഭജന്‍ ഉപദേശിച്ചു. 

2015ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ താരമാണ് സഞ്ജു. ഇതുവരെ ഏഴ് ടി20 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. 83 റണ്‍സാണ് ഇതുവരെ നേടിയത്. ഈ പരമ്പരയില്‍ നേടിയ 23 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.