രണ്ടാം ഏകദിനത്തില്‍ ആറാമനായിറങ്ങി 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 43* റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ വിജയശില്‍പിയും കളിയിലെ താരവും
ഹരാരെ: വീണ്ടും സഞ്ജു സാംസണിന്‍റെ സിക്‌സര്‍ മഴ കാണണം, ഇന്ത്യ പരമ്പര തൂത്തുവാരണം. സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിന് ടീം ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ഇത്രയേ കാണേണ്ടതുള്ളൂ. ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ ഉച്ചയ്‌ക്ക് 12.45നാണ് പരമ്പരയിലെ അവസാന ഏകദിനം തുടങ്ങുക. ഒരിക്കല്‍ക്കൂടി സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് ഹീറോയിസത്തിനായി കാത്തിരിക്കുന്ന മലയാളി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ നിന്നുള്ളത്.
വെതര്‍ ഡോട് കോമിന്‍റെ പ്രവചനം പ്രകാരം ഹരാരെയില്‍ തെളിഞ്ഞ ആകാശമായിരിക്കും ഇന്ന്. ശരാശരി താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ തുടരാനാണ് സാധ്യത. മണിക്കൂറില്‍ 11 കിലോമീറ്ററായിരിക്കും കാറ്റിന്‍റെ വേഗത. അതിനാല്‍ തന്നെ മുഴുവന്‍ സമയവും മത്സരം യാതൊരു ആശങ്കയുമില്ലാതെ നടക്കും. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരത്തിന്‍റെ തല്‍സമയ സംപ്രേഷണം കാണാം. മത്സരത്തില്‍ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് സാധ്യത എന്നിരിക്കേ സഞ്ജു ആരാധകര്‍ക്ക് ബാറ്റിംഗ് വിരുന്നിനുള്ള അവസരം തെളിഞ്ഞേക്കും.
വീണ്ടും കസറാന്‍ സഞ്ജു
ആദ്യ ഏകദിനം 10 വിക്കറ്റിനും രണ്ടാം മത്സരം അഞ്ച് വിക്കറ്റിനും സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര 3-0ന് തൂത്തുവാരാം. രണ്ടാം ഏകദിനത്തില്‍ ആറാമനായിറങ്ങി 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 43* റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ വിജയശില്‍പിയും കളിയിലെ താരവും. സഞ്ജുവിന്‍റെ രാജ്യാന്തര കരിയറിലെ ആദ്യ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരമാണിത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 26-ാം ഓവറിലെ നാലാം പന്തില്‍ ഇന്നസെന്‍റ് കൈയ്യയെ സിക്‌സര്‍ പറത്തിയാണ് സഞ്ജു ടീമിന് വിജയം സമ്മാനിച്ചത്.
പരമ്പര നേടിയതിനാൽ ബെഞ്ചിലിരിക്കുന്നവർക്ക് ഇന്ത്യ ഇന്ന് അവസരം നല്‍കിയേക്കും. പരിക്കും കൊവിഡും അലട്ടിയിരുന്ന ക്യാപ്റ്റൻ കെ എൽ രാഹുലിന് ഏഷ്യാ കപ്പിന് മുൻപ് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസാന അവസരമാണ് മൂന്നാം ഏകദിനം. ഇന്ത്യ ഷഹബാസ് അഹമ്മദിനോ രാഹുല്‍ ത്രിപാഠിക്കോ അരങ്ങേറ്റത്തിന് അവസരം നൽകിയേക്കും. ഇവര്‍ക്കൊപ്പം ആവേശ് ഖാനും റുതുരാജ് ഗെയ്‌ക്‌വാദും അവസരം കാത്തിരിക്കുന്നുമുണ്ട്. രണ്ടാം ഏകദിനത്തില്‍ വിശ്രമത്തിലായിരുന്ന ദീപക് ചാഹര്‍ ഇന്ന് കളിക്കാന്‍ സന്നദ്ധനാണ് എന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു.
പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനം ഇന്ന്; തുടരുമോ സഞ്ജു?
