മുംബൈ: കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും പാക് നടി വണാ മാലിക്കും.  

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ വിഷയം പരാമര്‍ശിക്കാതിരുന്നപ്പോള്‍ കശ്മീര്‍ വിഷയത്തിലൂന്നിയായിരുന്നു ഇമ്രാന്‍ ഖാന്‍റെ പ്രസംഗം. കശ്മീരിലെ സാഹചര്യം ഗുരുതരമെന്ന പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര  സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്നും അവകാശപ്പെട്ടിരുന്നു. കശ്മീരില്‍ 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുകയാണെന്നും കര്‍ഫ്യൂ പിന്‍വലിച്ചാല്‍ അവിടെ രക്തചൊരിച്ചില്‍ ഉണ്ടാകുമെന്നും ഐക്യരാഷ്ട്ര സഭ കശ്മീരില്‍ ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ഇമ്രാന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു. കശ്മീരില്‍ രക്തച്ചൊരിച്ചിലിന് ഇമ്രാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള  വെറുപ്പ് കൂട്ടുകയെ ഉള്ളൂവെന്നും മുന്‍ കായികതാരം എന്ന നിലയ്ക്ക് സമാധാനം പ്രോത്സാഹിപ്പിക്കാനാണ് ഇമ്രാന്‍ ശ്രമിക്കേണ്ടതെന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

ഇതാണ് ബോളിവുഡിലും അഭിനയിച്ചിട്ടുള്ള വീണാ മാലിക്കിനെ ചൊടിപ്പിച്ചത്. പാക് പ്രധാനമന്ത്രി സമാധാനത്തെക്കുറിച്ചു തന്നെയാണ് സംസാരിച്ചതെന്നും കശ്മീരിലെ കര്‍ഫ്യൂ മാറ്റിയാല്‍ ഉറപ്പായും അവിടെ ഉണ്ടാകാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും താങ്കള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെ എന്നും വീണ മാലിക്ക് ഹര്‍ഭജനോട് ചോദിച്ചു. അദ്ദേഹം ഭീഷണിപ്പെടുത്തിയതല്ലെന്നും ആശങ്കപ്പെട്ടതാണെന്നും വീണ പറഞ്ഞു.

എന്നാല്‍ ഇതിന് മറുപടിയുമായി വീണ്ടും ഹര്‍ഭജന്‍ രംഗത്തെത്തി. ഉറപ്പായും എന്നതുകൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു വീണയോട് ഹര്‍ഭജന്റെ ചോദ്യം. എന്തെങ്കിലും ഇംഗ്ലീഷില്‍ എഴുതുന്നതിന് മുമ്പ് ഒന്ന് വീയിച്ചുനോക്കുന്നത് നന്നായിരിക്കുമെന്നും ഹര്‍ഭജന്‍ വീണയെ ഓര്‍മിപ്പിച്ചു.