കൊറോണ വൈറസ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിന്തുണയുമായി ഞായറാഴ്ച രാത്രി നടന്ന ഐക്യം ദീപത്തിനിടയില്‍ അഗ്നിബാധയുണ്ടായതിന് വിമര്‍ശിച്ച് മുന്‍ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ദീപം തെളിക്കാനുള്ള ശ്രമത്തിനിടെ അയല്‍വാസിയുടെ വീടിന് തീപിടിച്ചുവെന്ന് വാദിക്കുന്ന ട്വീറ്റിനൊപ്പമാണ് ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം. കൊറോണയ്ക്ക് ചികിത്സ കണ്ടെത്താന്‍ കഴിയും എന്നാല്‍ വിഡ്ഢിത്തരത്തിന് എങ്ങനെ പ്രതിവിധി കണ്ടെത്തും എന്നാണ് ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഹര്‍ഭജന്‍ സിംഗ് കുറിച്ചത്. 

എന്നാല്‍ പഴയ വീഡിയോ ഷെയര്‍ ചെയ്യുന്ന ആരാണ് വിഡ്ഢിയെന്നാണ് ട്വീറ്റിന് ലഭിക്കുന്ന പ്രതികരണങ്ങള്‍. ഇത്തരം നിരവധി വ്യാജ വീഡിയോകളും പഴയ വീഡിയോകളും പുറത്ത് വന്നിരുന്നു. അത് വിശ്വസിച്ച് ഷെയര്‍ ചെയ്തവരാണ് ബുദ്ധിശൂന്യരെന്ന് നിരവധി പേരാണ് വിമര്‍ശിക്കുന്നത്. ജയ്പൂരിലെ വൈശാലി നഗറിലാണ് സംഭവമെന്നാണ് ട്വീറ്റ് അവകാശപ്പെടുന്നത്. മഹിം പ്രതാപ് സിംഗാണ് ദീപം തെളിക്കുന്നതിനിടെ പടക്കം പൊട്ടിച്ചത് മൂലം തീപിടുത്തമുണ്ടായെന്ന് ട്വീറ്റില്‍ വിശദമാക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ദീപം തെളിക്കുന്ന ചിത്രങ്ങള്‍ ഹര്‍ഭജന്‍ സിംഗ് പങ്കുവച്ചിരുന്നു. 

ഫയര്‍ഫോഴ്സെത്തി തീ അണച്ചെന്നും ആളപായമില്ലെന്നും മഹിം പ്രതാപ് സിംഗ് പിന്നീട് വിശദമാക്കുന്നുണ്ട്. എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്ത ഭാജിക്ക് രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നേരിടുന്നത്. നേരത്തെ കൊവിഡ് ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷന് സാമ്പത്തിക സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചതിനും ഹര്‍ഭജന്‍ സിംഗ് രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.