2001ലെ കൊല്‍ക്കത്ത ടെസ്റ്റിലായിരുന്നു ഓസീസിനെതിരെ ഹര്‍ഭജന്‍ ഹാട്രിക്ക് സ്വന്തമാക്കിയത്. റിക്കി പോണ്ടിംഗിനെയും ആദം ഗില്‍ക്രിസ്റ്റിനെയും ഷെയ്ന്‍ വോണിനെയും വീഴ്ത്തിയാണ് ഹര്‍ഭജന്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്
മുംബൈ: ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം പുന: പരിശോധിക്കാനുള്ള ഡിസിഷന്‍ റിവ്യു സിസ്റ്റ(ഡിആര്‍എസ്)ത്തിനെതിരെ ടീമുകള്‍ക്കും നായകന്‍മാര്‍ക്കും വ്യത്യസ്ത അഭിപ്രായമാണ് ഇപ്പോഴും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡിആര്‍എസിലൂടെ ജസ്പ്രീത് ബുമ്ര ഹാട്രിക്ക് സ്വന്തമാക്കിയതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരെ ഹര്‍ഭജന്‍ സിംഗ് സ്വന്തമാക്കിയ ഹാട്രിക്കിനെ പരാമര്‍ശിച്ച് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ച.
2001ലെ കൊല്‍ക്കത്ത ടെസ്റ്റിലായിരുന്നു ഓസീസിനെതിരെ ഹര്‍ഭജന്‍ ഹാട്രിക്ക് സ്വന്തമാക്കിയത്. റിക്കി പോണ്ടിംഗിനെയും ആദം ഗില്‍ക്രിസ്റ്റിനെയും ഷെയ്ന്‍ വോണിനെയും വീഴ്ത്തിയാണ് ഹര്‍ഭജന്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. പോണ്ടിംഗിനെയും ഗില്‍ക്രിസ്റ്റിനെയും ഹര്‍ഭജന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ബുമ്രയുടെ ഹാട്രിക്ക് നേട്ടത്തിന് പിന്നാലെ അന്ന് ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ചോദിച്ച് ഗില്‍ക്രിസ്റ്റ് ഇട്ട ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ ഇപ്പോള്‍.
താങ്കള്‍ കരുതുന്നത് അന്ന് ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ ഔട്ടാവില്ലായിരുന്നു എന്നാണോ. ഇത്തരം കാര്യങ്ങളെക്കുറിച്ച് പറഞ്ഞു ഇനിയെങ്കിലും കരയാതിരിക്കൂ സുഹൃത്തെ. കളിയില്‍ നിന്ന് വിരമിച്ചശേഷമെങ്കിലും താങ്കള്‍ കുറച്ച് ബോധത്തോടെ സംസാരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ലെന്ന് മനസിലായി. അതിന് ഉത്തമ ഉദാഹരണമാണ് താങ്കള്‍. എപ്പോഴും നിലവിളിച്ചുകൊണ്ടേയിരിക്കും എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി.
16 ടെസ്റ്റുകള്‍ ജയിച്ച് അപരാജിത കുതിപ്പുമായി എത്തിയ ഓസീസിനെ കൊല്‍ക്കത്തയില്‍ വീഴ്ത്തി ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മഹത്തായ ജയങ്ങളൊന്ന് സ്വന്തമാക്കിയിരുന്നു.
