മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം തവണയും മുംബൈ ഇന്ത്യന്‍സ് കീരിടം നേടി. ഇത്തഴവണ ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് മുംബൈ തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയത്. കിരീടനേട്ടത്തിന് പിന്നില്‍ സൂര്യകുമാര്‍ യാദവ് പുറത്തെടുത്ത പ്രകടനം വിസ്മരിക്കാനാവില്ല. 16 മത്സരങ്ങളില്‍ 480 റണ്‍സാണ് നേടിയത്. 40 ശരാശരിയിലാണ് സൂര്യയുടെ നേട്ടം.

ക്രിക്കറ്റിലെ നിരവധി ഷോട്ടുകള്‍ കൈവശമുള്ള താരമാണ് സൂര്യ. ഈ ഐപിഎല്‍ സീസണില്‍ അതുകാണുകയും ചെയ്തു. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ഭജന്‍ സിംഗിന് മതിപ്പുളവാക്കാന്‍ ഈ ഷോട്ടുകള്‍ ധാരാളമായിരുന്നു. സൂര്യയെ കുറിച്ച് സംസാരിക്കുകയാണ് ഹര്‍ഭജന്‍. ഇന്ത്യയുടെ എബി ഡിവില്ലിയേഴ്‌സാണ് സൂര്യകുമാറെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ''ഗെയിം ചെയ്ഞ്ചര്‍ എന്ന നിലയില്‍ നിന്ന് മാച്ച് വിന്നറായി സൂര്യ മാറി കഴിഞ്ഞുവെന്നതില്‍ ഒരു സംശയവും വേണ്ട. മുംബൈ താരങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തോടെ ബാറ്റ് ചെയ്ത താരമാണ് സൂര്യ. 

100ന് മുകളില്‍ സ്ട്രൈക്ക്റേറ്റില്‍ കളിക്കുന്നുവെന്ന് മാത്രമല്ല, ആദ്യ പന്ത് മുതല്‍ തന്നെ അടിച്ച് കളിക്കാനാണ് സൂര്യ ശ്രമിക്കുന്നത്. എല്ലാ ടൈപ്പ് ഷോട്ടുകളും സൂര്യയില്‍ കാണാം. സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കുന്നു. പേസര്‍മാര്‍ക്കെതിരേയും മികച്ച പ്രകടനം പുറത്തെടുക്കുന്നു. കവര്‍ ഡ്രൈവും സ്വീപ്പ് ഷോട്ടും മനോഹരമായിട്ടാണ് സൂര്യ കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഡിവില്ലിയേഴ്്‌സാണ് സൂര്യ.'' ഹര്‍ഭജന്‍ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തണമായിരുന്നു. എന്നാല്‍ ദേശീയ ടീമിലെ സ്ഥാനം താരത്തിന് വിദൂരമല്ലെന്നും വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് അദ്ദേഹമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് കളിച്ചിട്ടില്ല എന്നത് ഞെട്ടിക്കുന്നതാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ കോച്ച് ടോം മൂഡി പറഞ്ഞിരുന്നു. സ്പിന്നിനെതിരെ ഏറ്റവും മനോഹരമായി കളിക്കുന്ന താരം സൂര്യയാണെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ പറഞ്ഞിരുന്നു.