ദില്ലി: ദക്ഷിണാഫ്രിക്ക എ ക്കെതിരായ അവസാന ഏകദിനത്തിലെ വെടിക്കെട്ട് ഇന്നിംഗ്സോടെ സീനിയര്‍ ടീമിലേക്കുള്ള സാധ്യത തുറന്നിട്ട സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ലോകകപ്പിലുള്‍പ്പെടെ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം വലിയ ചര്‍ച്ചയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യരെ നാലാം നമ്പറില്‍ പരീക്ഷിക്കുമെന്ന് കരുതിയെങ്കിലും അഞ്ചാമനായാണ് അയ്യര്‍ ക്രീസിലെത്തിയത്.

നാലാം നമ്പറില്‍ ഇറങ്ങിയ കെ എല്‍ രാഹുലിനാകട്ടെ തിളങ്ങാനുമായില്ല. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ എന്തുകൊണ്ട് ഇന്ത്യയുടെ നാലാം നമ്പറില്‍ കളിപ്പിച്ചുകൂടാ എന്ന ചോദ്യവുമായി ഹര്‍ഭജന്‍ രംഗത്തെത്തിയത്. നല്ല ടെക്നിക്കുള്ള സഞ്ജുവിനെ എന്തുകൊണ്ട് നാലാം നമ്പറില്‍ കളിപ്പിച്ചുകൂടാ എന്ന് ചോദിച്ച ഹര്‍ഭജന്‍ ദക്ഷിണാഫ്രിക്ക എക്കെതിരെ സഞ്ജു പുറത്തെടുത്തെ വെടിക്കെട്ട് ബാറ്റിംഗിനെ അഭിനന്ദിക്കുകയും ചെയ്തു.

എന്നാല്‍ ഹര്‍ഭജന്റെ ട്വീറ്റിന് മുന്‍ സഹതാരം യുവരാജ് സിംഗ് നല്‍കിയ മറുപടി ഇന്ത്യക്ക് നാലാം നമ്പറില്‍ ആളെ ആവശ്യമില്ലെന്നായിരുന്നു. ഇന്ത്യയുടെ മുന്‍നിര വളരെ ശക്തമാണെന്നും അതുകൊണ്ട് നാലാം നമ്പറില്‍ ആളെ ആവശ്യമില്ലെന്നും യുവി തമാശയായി പറഞ്ഞു. എന്തായാലും ദക്ഷിണാഫ്രിക്ക എക്കെതിരായ മിന്നും പ്രകടനത്തോടെ ഋഷഭ് പന്തിനും ഇഷാന്‍ കിഷനുമൊപ്പം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിന്റെ പേരും പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ.