ഇന്ന് തുടങ്ങുന്ന വിവാഹച്ചടങ്ങുകള്‍ 16വരെ നീണ്ടു നില്‍ക്കും. സഹോദരനും മുന്‍ ഇന്ത്യന്‍ താരവുമായ ക്രുനാല്‍ പാണ്ഡ്യയാണ് വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവാഹത്തിന് മുമ്പുള്ള പതിവു ചടങ്ങുകളായ ഹാല്‍ദി, മെഹന്ദി എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
ബറോഡ: വലന്‍റൈന്‍സ് ദിനത്തില്‍ വീണ്ടും വിവാഹതിരാവാന്‍ ഒരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ഭാര്യയും നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും. മൂന്ന് വര്‍ഷം മുമ്പ് കോടതിയില്‍ വെച്ച് വിവാഹിതാരയ ഹാര്‍ദ്ദിക്കും നടാഷയും ഇത്തവണ വലിയ വിവാഹസല്‍ക്കാരമൊരുക്കിയാണ് വിവാഹത്തിനൊരുങ്ങുന്നത്.
രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. വളരെ ധൃതിപിടിച്ചാണ് മുമ്പ് വിവാഹിതരായത് എന്നതിനാല്‍ കുറച്ചുകൂടി വിപുലമായ രീതിയില്‍ ആഘോഷത്തോടെ വിവാഹം നടത്തണമെന്ന് ഇരുവരുടെയും ഏറെനാളത്തെ ആഗ്രഹമായിരുന്നുവെന്നും ഇരുവരുടെയും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് തുടങ്ങുന്ന വിവാഹച്ചടങ്ങുകള്‍ 16വരെ നീണ്ടു നില്‍ക്കും. സഹോദരനും മുന്‍ ഇന്ത്യന്‍ താരവുമായ ക്രുനാല്‍ പാണ്ഡ്യയാണ് വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവാഹത്തിന് മുമ്പുള്ള പതിവു ചടങ്ങുകളായ ഹാല്‍ദി, മെഹന്ദി എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കും. 2020 മെയ് 31നാണ് 29കാരനായ ഹാര്‍ദ്ദിക്കും 30കാരിയായ നടാഷയും വിവാഹിതരായത്. ഇരുവര്‍ക്കും അഗസ്ത്യ എന്നുപേരുള്ള മകനുണ്ട്.
ഇന്ത്യന്‍ ടി20 ടീമിന്‍റെ താല്‍ക്കാലിക നായകനായ ഹാര്‍ദ്ദിക് വൈകാതെ സ്ഥിരം നായകനാകുമെന്നാണ് വിലയിരുത്തല്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ചതോടെയാണ് ഹാര്‍ദ്ദിക് വീണ്ടും ഇന്ത്യന്‍ ടീമില്‍ നിര്‍ണായക താരമായി മാറിയത്. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം തിരിച്ചെത്തിയ ഹാര്‍ദ്ദിക് ഇപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമാണ് കളിക്കുന്നത്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ വിവാഹത്തിന് എത്തുമോ എന്ന കാര്യം വ്യക്തമല്ല.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലും അക്സര്‍ പട്ടേലും കഴിഞ്ഞ ആഴ്ചയാണ് വിവാഹിതരായത്.
