ബെംഗളൂരു: പരിക്ക് ഭേദമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ പകുതിയോടെ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് പാണ്ഡ്യ അറിയിച്ചു. ഒക്‌ടോബറില്‍ ലണ്ടനില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ പാണ്ഡ്യക്ക് തുടര്‍ന്നുള്ള പരമ്പരകള്‍ നഷ്‌ടമായിരുന്നു.

ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ജിമ്മില്‍ പരിശീലനം നടത്തുന്ന ദൃശ്യം ഹാര്‍ദിക് പാണ്ഡ്യ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു മിനുറ്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ജിമ്മില്‍ വിവിധ വര്‍ക്കൗട്ടുകള്‍ നടത്തുന്നതാണ് വീഡിയോയിലുള്ളത്. പാണ്ഡ്യക്ക് ആശംസകള്‍ അറിയിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. 

ജനുവരി അവസാനവാരമാണ് ന്യൂസിലന്‍ഡ് പര്യടനം തുടങ്ങുന്നത്. ഐപിഎല്ലിലും കളിക്കുമെന്നും പാണ്ഡ്യ അറിയിച്ചു. മുംബൈയിൽ കഴിഞ്ഞയാഴ്‌ച പരിശീലനം തുടങ്ങിയെങ്കിലും ഇതുവരെ പന്തെറിഞ്ഞില്ലെന്നും പാണ്ഡ്യ പറഞ്ഞു. ര‍ഞ്ജി ട്രോഫിയിൽ കളിച്ചേക്കുമെന്ന സൂചനയും പാണ്ഡ്യ നല്‍കി. ഇന്ത്യക്കായി 11 ടെസ്റ്റിലും 54 ഏകദിനത്തിലും 40 ട്വന്‍റി 20യിലും പാണ്ഡ്യ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് പാണ്ഡ‍്യ അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കിടെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. തുടര്‍ന്ന് പ്രോട്ടീസിന് എതിരായ ടെസ്റ്റുകളും ബംഗ്ലാദേശ് പരമ്പരയും താരത്തിന് നഷ്‌ടമായി.